പഞ്ചായത്ത് ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/download-53.jpg?resize=311%2C162&ssl=1?v=1682659021)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കാഞ്ഞാര്‍: കുടയത്തൂര്‍ പഞ്ചായത്തിലെ ജീവനക്കാരിയെ സമീപവാസിയായ സ്ത്രീ മര്‍ദിച്ചതായി പരാതി. പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ് ആയ ജീവനക്കാരി ഹസീനക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ച ശേഷം വീട്ട് മുറ്റത്ത് തള്ളി ഇട്ടതായും പരാതിയുണ്ട്. കുടയത്തൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വെങ്കിട്ട ഭാഗത്താണ് സംഭവം നടന്നത്. പരുക്കേറ്റ ഹസീനയെ മറ്റ് ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിച്ച സ്ത്രീ അവരുടെ വീട്ടില്‍ നിരന്തരം പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ശല്യമായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പ്ലാസ്റ്റിക് കത്തിക്കുന്ന വീഡിയോ ഉള്‍പ്പടെ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പ്ലാസ്റ്റിക്ക് കത്തിക്കരുത് എന്ന് പഞ്ചായത്തില്‍ നിന്നും പല തവണ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ഇക്കഴിഞ്ഞ ദിവസം വീണ്ടും പ്ലാസ്റ്റിക് കത്തിച്ചു. ഇതേ തുടര്‍ന്ന് അയല്‍വാസികള്‍ വീണ്ടും പഞ്ചായത്തില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പിഴ ചുമത്തുമെന്ന നോട്ടീസ് ഇന്നലെ രാവിലെ 11.30 ഓടെ പഞ്ചായത്തിലെ ജീവനക്കാരിയായ ഹസീന വഴി എത്തിച്ചു നല്കി. എന്നാല്‍ ഇവര്‍ നോട്ടീസ് കൈപ്പറ്റുവാന്‍ തയ്യാറായില്ല. അതിനെ തുടര്‍ന്നു നോട്ടീസ് വീട്ടില്‍ പതിപ്പിച്ച് തിരികെ പോരാന്‍ തയ്യാറെടുത്ത ഹസീനയെ മര്‍ദ്ദിക്കുകയും, തള്ളി ഇടുകയും ചെയ്തതായാണ് പരാതി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)