തെരുവു നായ്ക്കളുടെ ശല്യത്താല്‍ ജില്ലയിലെ പല മേഖലകളിലും നാട്ടുകാര്‍ പൊറുതിമുട്ടുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-1-12.jpeg?resize=628%2C470&ssl=1?v=1629772401)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തെരുവു നായ്ക്കളുടെ ശല്യത്താല്‍ ജില്ലയിലെ പല മേഖലകളിലും നാട്ടുകാര്‍ പൊറുതിമുട്ടുന്നു.കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ 40 പേര്‍ക്കാണ് ജില്ലയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നഗര, ഗ്രാമീണ മേഖലകളിലെല്ലാം തന്നെ നായ്ക്കളുടെ ശല്യം വര്‍ധിച്ചു വരുന്നുണ്ട്.ജനുവരി ഒന്നുമുതല്‍ ഓഗസ്റ്റ് 12 വരെ 1467 പേരാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ എത്തിയവരുടെ എണ്ണം ഇതിനു പുറമെ വരും. കഴിഞ്ഞ ദിവസങ്ങളില്‍ തൊടുപുഴ, വണ്ണപ്പുറം, മുട്ടം, കുമാരമംഗലം, ആലക്കോട്, അടിമാലി, മൂന്നാര്‍, പീരുമേട്, കുമളി, കട്ടപ്പന എന്നിവിടങ്ങളിലെല്ലാം നായ്ക്കളുടെ ആക്രമണമുണ്ടായി. നാട്ടുകാരെ ആക്രമിക്കുന്നതു കൂടാതെ ഇവരുടെ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. മുട്ടത്ത് ബുധനാഴ്ച തെരുവുനായ 40 കോഴികളെയാണ് കൊന്നത്.കൂട്ടമായി എത്തുന്ന നായ്ക്കളെ പേടിച്ച് റോഡലിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. തൊടുപുഴ നഗരത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ രാത്രിയായാല്‍ തെരുവു നായ്ക്കള്‍ കീഴടക്കും.ഇരുചക്ര വാഹനങ്ങള്‍ക്കു പിന്നാലെ നായ്ക്കള്‍ കുരച്ചുകൊണ്ട് പായുന്നതും പതിവാണ്. വാഹന യാത്രികര്‍ ഇതുമൂലം അപകടത്തില്‍പെടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പ്രഭാത നടത്തത്തി നിറങ്ങുന്നവര്ക്കു നേരെയും നായ്ക്കള്‍ ആക്രമം നടത്തുന്നുണ്ട്. ഭയന്ന് ഓടിവീണും നായ്ക്കളുടെ കടിയേറ്റും നിരവധിപേര്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. രാത്രിയിലാണ് നായ്ക്കളുടെ ശല്യം കൂടുതല്‍. തിരക്കില്ലാത്ത പാതകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും ആക്രമണത്തിനിരയാകുന്നു.വീടുകളുടെ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങി കുട്ടികളെ ഉള്‍പ്പെടെ ഉപദ്രവിച്ച സംഭവങ്ങളുമുണ്ട്. രാത്രിയില്‍ തൊഴുത്തുകളിലെത്തി ആടുകളെയും കിടാരികളെയും ആക്രമിക്കുന്നുണ്ട്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇവയെ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തില്‍ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഈ പ്രവര്‍ത്തനം പലയിടത്തും കാര്യമായി ഫലം ചെയ്തിട്ടില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)