പോക്സോ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ്; കാഞ്ഞാർ പോലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/Untitled-design-4.png?resize=780%2C470&ssl=1?v=1699772451)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ദമ്പതികളെ മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ കാഞ്ഞാർ പോലീസിന് ഇടുക്കി പോക്സോ കോടതിയുടെ രൂക്ഷ വിമർശനം. അയൽവാസി ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതുമൂലം പഠിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കാഞ്ഞാർ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ഉടുമ്പന്നൂർ പെരിങ്ങാശേരി തേക്കിലക്കാട്ടിൽ ജോമോനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇദ്ദേഹവും പോലീസുകാരനും തമ്മിൽ കൈയാങ്കളിയുണ്ടാകുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ, തന്റെ ഭാര്യയെ പോലീസ് മർദിച്ചെന്ന് ആരോപിച്ച് ജോമോൻ കോടതിയിൽ കേസ് ഫയൽ ചെയ്തു.
പോലീസുകാരനെ മർദ്ദിച്ചതായി ആരോപിച്ച് കാഞ്ഞാർ സ്റ്റേഷനിലെ സിപിഒ ബിജുമോൻറെ പരാതിയിൽ ജോമോനെതിരേയും കേസെടുത്തു. സ്റ്റേഷനിൽ മർദനമേറ്റ ജോമോൻറെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നറിഞ്ഞ പോലീസ് പരാതിക്കാരിയായ 15 വയസുകാരിയെ ഉപയോഗിച്ച് ജോമോനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പോക്സോ കേസും രജിസ്റ്റർ ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറി അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും പരാതിക്കാരിയോടും 60 വയസുള്ള മുത്തശിയോടും ലൈംഗികബന്ധത്തിന് അഭ്യർഥിച്ചുവെന്നു മൊഴിയും രേഖപ്പെടുത്തി. ഇതേത്തുടർന്നു ജോമോനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത് 19 ദിവസം റിമാൻഡ് ചെയ്തു. കേസ് വിചാരണയ്ക്കിടെ ഇടുക്കി പോക്സോ കോടതി പെൺകുട്ടിയുടെയും അമ്മൂമ്മയുടെയും ആരോപണം കളവാണെന്ന് കണ്ടെത്തി.
പോലീസ് സ്റ്റേഷനിൽ ജോമോനും ഭാര്യക്കും മർദനമേറ്റ സംഭവം തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കണ്ട് പോലീസുകാരൻ 15 വയസുകാരിയെ പ്രേരിപ്പിച്ച് മനഃപൂർവം കേസ് കെട്ടിച്ചമച്ചതാണെന്നു കോടതി കണ്ടെത്തുകയും പോക്സോ കേസിൽനിന്നു ജോമോനെ കുറ്റവിമുക്തനാക്കുകയുമായിരുന്നു. പോലീസ് മോശമായ രീതിയിൽ പെരുമാറിയെന്നും എന്തിനുവേണ്ടിയാണോ പോലീസിനെ നിയോഗിച്ചിരിക്കുന്നത് അതിന് കടകവിരുദ്ധമായ പെരുമാറ്റമാണ് കാഞ്ഞാർ പോലീസിൻറെ ഭാഗത്തുനിന്നുണ്ടായതെന്നും സ്പെഷൽ ജഡ്ജി ടി.ജി. വർഗീസ് വ്യക്തമാക്കി. പ്രതിക്കു വേണ്ടി അഭിഭാഷകരായ സി.കെ. വിദ്യാസഗാർ, ഗൗതം പുഷ്പൻ എന്നിവർ ഹാജരായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)