CrimeIdukki

ബുദ്ധിമാന്ദ്യമുള്ള 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 44കാരന് 106 വര്‍ഷം കഠിനതടവും 2 .60 ലക്ഷം രൂപ പിഴയും 

തൊടുപുഴ : ബുദ്ധിമാന്ദ്യമുള്ള  15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 44കാരന് വിവിധ വകുപ്പുകളിലായി 106 വര്‍ഷം കഠിനതടവും 2 .60 ലക്ഷം രൂപ പിഴയും ശിക്ഷ. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ തൃശ്ശൂര്‍ ചേലക്കര പുലക്കോട് വാക്കട വീട്ടില്‍ പത്മനാഭന്‍ എന്ന പ്രദീപിനെയാണ് (44) കോടതി ശിക്ഷിച്ചത്. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോര്‍ട്ട് പോക്സോ ജഡ്ജ് പി.എ. സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യ പ്രതി അടക്കാതിരുന്നാല്‍ 22 മാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി അതിനാല്‍ പ്രതി ആകെ 22 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതി. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം. അടിമാലിയില്‍ ഹോട്ടല്‍ ജോലിക്കായി എത്തിയ പ്രതി ഇവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായി ഒരു വീട്ടില്‍ താമസമാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും സഹോദരങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന അവസരങ്ങളില്‍ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയുമായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ പ്രതി അവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും പ്രതിയുടെയും മെഡിക്കല്‍ സാമ്പിളുകളുടെ ഡിഎന്‍എ പരിശോധനയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് പ്രതിയാണെന്ന് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടും വന്നിരുന്നു. അടിമാലി പോലീസ് ഇന്‍സ്പെക്ടര്‍ ക്ലീറ്റസ് കെ. ജോസഫാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്‌.
പിഴസംഖ്യ പ്രതി അടക്കുകയാണെങ്കില്‍ തുക പെണ്‍കുട്ടിക്ക് നല്‍കാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിജു കെ. ദാസ് കോടതിയില്‍ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!