ChuttuvattomThodupuzha

നായ്ക്കള്‍ക്ക് പേവിഷ വാക്സിനേഷനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കും; മൃഗസംരക്ഷണ വകുപ്പ്

തൊടുപുഴ: വളര്‍ത്ത്‌നായ്ക്കളെന്നോ തെരുവ് നായ്ക്കളെന്ന വേര്‍തിരിവല്ലാതെ  പേവിഷ വാക്സിനേഷനുള്ള സമഗ്ര പദ്ധതി മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കും. പദ്ധതി പൂര്‍ണ്ണമായും ഈ മാസം പൂര്‍ത്തീകരിക്കുകയണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പദ്ധതി ജില്ലയില്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  സംസ്ഥാനത്തെ 11.11ലക്ഷം നായ്ക്കള്‍ക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക. 8.30 ലക്ഷം വളര്‍ത്തുനായകളെയും 2.81 ലക്ഷം തെരുവ് നായകളെയും കുത്തിവയ്പിന് വിധേയരാക്കുകയാണ് ലക്ഷ്യം.

കാവ, മിഷന്‍ റാബീസ്, സത്യസായി ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പൊതുജനങ്ങള്‍ കൂടുതലായെത്തുന്ന ചന്ത, ആശുപത്രി, ബസ് സ്റ്റാന്‍ഡ്, സ്‌കൂള്‍ പരിസരങ്ങളില്‍ തമ്പടിക്കുന്ന തെരുവ് നായകളെയാകും ആദ്യഘട്ടത്തില്‍ വാക്‌സിനേഷന് വിധേയമാക്കുക. വാക്‌സിനേഷന്‍ മരുന്നുകള്‍ എല്ലാ മൃഗാശുപത്രികളിലും എത്തിച്ചുവരുകയാണ്. വാക്‌സിനേഷന്‍ നടത്തിയ നായകളെ തിരിച്ചറിയാന്‍ നീലയോ പച്ചയോ മഷി പതിക്കും. കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ വാക്സിനേഷനില്‍ തെരുവുനായ്ക്കളിലെ കുത്തിവയ്പ് ഉദ്ദേശിച്ചത്ര വിജയിച്ചില്ല എന്ന വിലയിരുത്തലാണ് അധികൃതര്‍ക്കുള്ളത്. ഇത് പരിഹരിക്കാന്‍ ഇത്തവണ വിപുലമായ ഒരുക്കം നടത്തിയിട്ടുണ്ട്.

വാക്സിന് ശേഷം വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ നായ ഉടമകള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് ലഭിക്കും. ആക്രമണകാരികളായ തെരുവ് നായ്ക്കളെ പാര്‍പ്പിക്കാന്‍ കേന്ദ്രം സ്ഥാപിക്കുക, ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ചെയ്യണം. തെരുവ് നായ്ക്കളില്‍ 10% വര്‍ധന. സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ തെരുവു നായ്ക്കളുടെ എണ്ണം 10 ശതമാനം വര്‍ദ്ധിച്ചതായാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.തെരുവുനായ്ക്കളെ പിടികൂടാന്‍ പട്ടിപിടുത്തക്കാരുടെ പട്ടിക കുടുംബശ്രീ മിഷന്‍, മൃഗസംരക്ഷണ വകുപ്പിന് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!