AccidentIdukki

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കാര്‍ പൂര്‍ണമായും കത്തിനശിച്ചു

നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉടമയ്ക്ക് പൊള്ളലേറ്റു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തേര്‍ഡ്ക്യാമ്പില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ ഉടമ തേര്‍ഡ്ക്യാമ്പ് എടാട്ട് വീട്ടില്‍ ജയദേവനാണ് പൊള്ളലേറ്റത്. ഇയാളുടെ കൈകാലുകള്‍ക്കും ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ജയദേവനെ കമ്പംമെട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീരേറ്റുപുറത്തുനിന്നും തേര്‍ഡ്ക്യാമ്പിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓട്ടത്തിനിടെ വാഹനത്തില്‍ നിന്നും പുക ഉയരുന്നതുകണ്ട ജയദേവന്‍ വാഹനം നിര്‍ത്തുന്നതിനിടെ തീ പടരുകയായിരുന്നു. ഉടന്‍തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച് നെടുങ്കണ്ടത്തുനിന്നും രണ്ട് വാഹനങ്ങളില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ഫോം ഉപയോഗിച്ച് അരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ പൂര്‍ണമായും അണച്ചത്. ബാറ്ററിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടോ എ.സി പൊട്ടിത്തെറിച്ചതോ ആവാം തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നു. ജയദേവന്റെ എട്ട് വര്‍ഷം പഴക്കമുള്ള ഹ്യുണ്ടായി കാറാണ് പൂര്‍ണമായും കത്തിനശിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജുകുമാര്‍, ഉദ്യോഗസ്ഥരായ കേശവപ്രതീപ്, പ്രശോഭ്, പ്രിതിന്‍ ആര്‍ മോഹന്‍, അനീഷ്, ജോസഫ് ജെയ്‌സണ്‍, ബിജു, അജേഷ്, ഹോം ഗാര്‍ഡുമാരായ സോമന്‍, രാമചന്ദ്രന്‍ എന്നിവരാണ് തീയണയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്.

 

Related Articles

Back to top button
error: Content is protected !!