ChuttuvattomThodupuzha

അറുപതാം വയസിൽ ഹരിതകർമ്മ സേനാംഗമായി മുണ്ടൻമുടി സ്വദേശി

തൊടുപുഴ : പ്രായവും ശാരീരിക പ്രശ്‌നങ്ങളും തടിപ്പണിയ്ക്ക് തടസമായപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഹരിതകർമ സേനാംഗമാവുകയായിരുന്നു മുണ്ടൻമുടി അങ്കംപത്തിൽ സലീം.ഓരോ വീടുകളിലെയും പാഴ് വസ്തുക്കൾ ശേഖരിച്ച് സേവനത്തിന്റെ മുഖവും ഗ്രാമീണ ജീവിതത്തിന്റെ ഭാഗവുമായി ഈ അറുപതുകാരൻ.പ്രമുഖ ടൂറിസം കേന്ദ്രമായ ആനചാടിക്കുത്ത് അടക്കമുള്ള ഇടങ്ങളും ആറാംവാർഡാകെയും വൃത്തിയായി.ജില്ലയിലെ ഏക പുരുഷ ഹരിതകർമ സേനാംഗമാണ് സലീം.മികച്ച പ്രവർത്തനത്തിന് ഇദ്ദേഹത്തെ പഞ്ചായത്ത് ആദരിച്ചു.പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ.വി. കുര്യാക്കോസ് ഇദ്ദേഹത്തെ പൊന്നാടയണിയിച്ചു.

വണ്ണപ്പുറം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ യൂസർഫീ ലഭിക്കുന്ന വാർഡാണ് സലീമിന്റേത്.വാർഡിലെ എല്ലാ വീട്ടുകാരും കടകളും പണം  നൽകി പാഴ് വസ്തുക്കൾ സലീമിന് കൈമാറുന്നു. പ്രതിമാസം 15000 രൂപയുടെ വരുമാനമാണ് ഇദ്ദേഹമുണ്ടാക്കുന്നത്.
മോട്ടോർ സൈക്കിളിലാണ് സലീം വീടുകളിലെത്തുന്നത്.കാടും മലയുമൊക്കെയായതിനാൽ 15-18 ദിവസം വേണം എല്ലാ വീടുകളിലുമെത്താൻ.പാഴ് വസ്തുക്കൾ ചെറുതും വലുതുമായ ചാക്കുകളിലും കവറുകളിലുമാക്കി ബൈക്കിൽ പ്രത്യേകം സജ്ജമാക്കിയ കൊളുത്തുകളിൽ തൂക്കിയിടുന്നു.നാൽപ്പതോളം കവറുകൾ ഇങ്ങനെ കൊണ്ടുപോകാം.ആദ്യം മിനി എം.സി.എഫിലും പിന്നീട് തരംതിരിച്ച് പ്രധാന സംഭരണ കേന്ദ്രത്തിലെലെത്തിക്കും.

ഹരിതകർമ സേനയാകാൻ സ്ത്രീകൾ വിമുഖത കാട്ടിയതോടെ വാർഡിലെ പാഴ് വസ്തു നീക്കം പ്രതിസന്ധിയിലായി.നൂറുകണക്കിന് വിനോദസഞ്ചാരികളെത്തിയിരുന്ന ആനചാടി കുത്തിലാകെ മാലിന്യം കുമിഞ്ഞു. ഹരിതകർമ സേനയില്ലാത്തതിനാൽ വീട്ടുകാരും പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് വാർഡംഗം പി.ജി. സുരേന്ദ്രൻ രണ്ട് ആണുങ്ങളെ പരീക്ഷിച്ചത്. രണ്ടാമൻ സർക്കാർ ജോലി കിട്ടി പോയതോടെ സലീം മാത്രമായി വാർഡിലെ ഹരിതനായകൻ. സലീമിന്റെ സാന്നിധ്യം വലിയ മാറ്റമാണ് ആനചാടി കുത്തിലുണ്ടാക്കിയതെന്ന് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. 34 പേരുള്ള ഹരിതകർമ സേനാ കൺസോർഷ്യത്തിലെ അംഗമാണ് സലീം. എല്ലാ പരിശീലന പരിപാടികളിലും യോഗങ്ങളിലും കൃത്യമായി പങ്കെടുക്കുമെന്ന് കൺസോർഷ്യം പ്രസിഡന്റ് ലിറ്റി പറഞ്ഞു.ഒരു പരിപാടിയിൽ നിന്നും സലീം മാറി നിൽക്കാറില്ല. ഏതു ജോലിയും നിറഞ്ഞ മനസോടെ ചെയ്യുന്നതാണ് സന്തോഷമെന്ന് സലീം പറഞ്ഞു.തുടക്കത്തിൽ മടി കാട്ടിയ ആളുകൾ ഇപ്പോൾ കൃത്യമായി പണം വാങ്ങിയും പാഴ് വസ്തുക്കളും കൈമാറുന്നുണ്ടെന്നും സലീം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!