Thodupuzha

മായം കണ്ടു പിടിക്കാന്‍ സഞ്ചരിക്കുന്ന  പരിശോധനാ ലാബോറട്ടറി

 

തൊടുപുഴ: ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടു പിടിക്കുന്നതിനായി സഞ്ചരിക്കുന്ന ലബോറട്ടറി ജില്ലയിലെത്തി. അഞ്ചു ജില്ലകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബാണ് ഇടുക്കിക്കും ലഭിച്ചത്. നേരത്തെ ഉത്സവ സീസണിലും മറ്റും അന്യ ജില്ലകളില്‍ നിന്നുള്ള ലാബോറട്ടറികള്‍ എത്തിച്ചാണ് ജില്ലയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നത്. പുതിയ സഞ്ചരിക്കുന്ന ലബോറട്ടറി ലഭിച്ചതോടെ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പ്രാഥമിക പരിശോധന ഇതില്‍ നടത്താനാവും.

പാല്‍, ശുദ്ധജലം, തേയില, കറിപൗഡറുകള്‍, എണ്ണ എന്നിവയില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് ആധുനിക സംവിധാനങ്ങളുള്ള ലാബിലെ പരിശോധനയില്‍ നിന്നും വ്യക്തമാകും. ഓണം പോലെയുള്ള ഉത്സവ സീസണുകളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും മായം കലര്‍ന്ന പാല്‍ കടന്നു വരുന്നുണ്ടോയെന്നറിയാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഇനി മൊബൈല്‍ ടെസ്റ്റിംഗ് ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം. പ്രാഥമിക പരിശോധനയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായാല്‍ ഉടന്‍ പിഴയുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ കഴിയും. മുന്‍കാലങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് കെമിക്കല്‍ ലാബിലേക്കയച്ചാണ് പരിശോധന നടത്തിയിരുന്നത്. മൊബൈല്‍ ലാബ് എത്തിയതോടെ ഇത് ഒരു പരിധി വരെ ഇനി ഒഴിവാക്കാനാകും. എന്നാല്‍ നിയമ നടപടികള്‍ വേണ്ടി വരുന്ന കേസുകളില്‍ സാമ്പിള്‍ പരിശോധന അക്രഡിറ്റഡ് ലാബുകളില്‍ തന്നെ നടത്തണമെന്നാണ് വ്യവസ്ഥ.

നേരത്തെ മാസത്തില്‍ രണ്ടു തവണയാണ് ഓരോ ജില്ലകളിലും വിവിധ മേഖലകളില്‍ മൊബൈല്‍ ലാബ് എത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ജില്ലയില്‍ മൊബൈല്‍ ലാബിന്റെ സവനം ലഭിച്ചിരുന്നത്. പുതിയ വാഹനം ലഭിച്ചതോടെ പൂര്‍ണമായും ലാബിന്റെ സേവനം ജില്ലയില്‍ ലഭിക്കും. ഇതിനു പുറമെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി മൊബൈല്‍ ലാബോറട്ടറി ഉപയോഗിച്ച് ബോധവത്ക്കരണ ക്ലാസുകളും നടത്തും.

Related Articles

Back to top button
error: Content is protected !!