Thodupuzha

അറക്കുളം പഞ്ചായത്തിൽ നീണ്ട ഇടവേളക്ക് ശേഷം ഗ്രാമസഭകൾ ചേർന്നു

തൊടുപുഴ :കോവിഡ് മഹാമാരിയും, പ്രളയവും മൂലം നടത്താൻ കഴിയാതിരുന്ന ഗ്രാമസഭകൾ വർഷങ്ങൾക്ക് ശേഷം അറക്കുളം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തി. തൊഴിലുറപ്പ് ഗ്രാമസഭകളാണ് ഇപ്പോൾ നടന്നുവരുന്നത്. വരും വർഷങ്ങളിൽ തൊഴിലുറപ്പിൽ എന്തൊക്കെ പദ്ധതികൾ വേണം എന്ന് നിശ്ചയിക്കുന്ന ലേബർ ബഡ്ജറ്റ് തയ്യാറാക്കലാണ് ഇപ്പോൾ ചേരുന്ന ഗ്രാമസഭകളുടെ ലക്ഷ്യം. ലേബർബഡ്ജറ്റിൽ വരുന്ന പ്രവർത്തികൾ മാത്രമായിരിക്കും ഇനി നടപ്പാക്കുക. ഗ്രാമസഭക്ക് മുന്നോടിയായി ഇക്കാര്യങ്ങൾ അറിയുന്നതിനായി വാർഡ് തലത്തിൽ സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനായി പരിശീലനം ലഭിച്ച പ്രത്യേക സ്ക്വാഡുകൾ പ്രവർത്തനം നടത്തിയിരുന്നു.കൂടാതെ ഓരോ വാർഡുകളിലേയും പൊതു സ്ഥാപനങ്ങൾ, സ്ഥലങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ അടക്കം പഞ്ചായത്തിൻ്റെ ആസ്ഥിയില്ലള്ളവയുടെ ലിസ്റ്റും തയ്യാറാക്കിയ ശേഷമാണ് ഗ്രാമസഭകൾ ചേരുന്നത്.ഈ ഗ്രാമസഭകളിൽ പൊതുജനങ്ങൾക്ക് പുതിയ നിർദേശങ്ങൾ നൽകുവാനുള്ള അവസരവും ഉണ്ടായിരുന്നു.പുതിയതായി ചെയ്യേണ്ട റോഡുകൾ അടക്കം പശ്ചാത്തല മേഘലയുടേയും, കാർഷിക മേഘലയുടേയും പദ്ധതികൾക്ക് ഈ ഗ്രാമസഭയിൽ അന്തിമ തീരുമാനമായി.

അറക്കുളം ഗ്രാമപഞ്ചായത്തിൽ ഏറ്റവും അധികം തൊഴിലുറപ്പ് പ്രവർത്തകരുള്ളതും പ്രത്യേകിച്ച് ഗിരിവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ഉള്ള ഏഴാം വാർഡ് പതിപ്പള്ളിയിലെ ഗ്രാമസഭജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇടുക്കി ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ വർഷങ്ങൾക്ക് മുൻപ്

നടപ്പാക്കിയ ഗിരിവർഗ്ഗ വിഭാങ്ങൾക്ക് 200 തൊഴിൽ ദിനം എന്ന കേന്ദ്ര സർക്കാർ തീരുമാനം അറക്കുളത്ത് നടപ്പാക്കാത്തതിൽ ഗ്രാമസഭ ആശങ്ക രേഖപ്പെടുത്തി. പുളിക്ക കല ഊരു മൂപ്പൻ എം.ആർ.അശോകൻ അദ്ധ്യക്ഷത വഹിച്ച ഗ്രാമസഭാ യോഗം വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് അക്കൗണ്ടൻറ് ജയിംസ് ആൻ്റോ വിഷയാവതരണം നടത്തി. ട്രൈബൽ പ്രമോട്ടർ കെ.ജി.സുനീഷ് ട്രൈബൽഡിപ്പാർട്ട്മെൻ്റിൻ്റെ പദ്ധതികൾ വിശദീകരിച്ചു. സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന നിയമസഹായങ്ങളെക്കുറിച്ചും, മറ്റ് നടപടികളെക്കുറിച്ചും ലീഗൽ സർവ്വീസ് അഥോരിറ്റി പ്രതിനിധി കെ.എസ്.സുധ വിശദീകരിച്ചു.തൊഴിലുറപ്പ് മേറ്റ് ഭാരതി രാമകൃഷ്ണൻ സ്വാഗതവും, മേമുട്ടം ഊര് മൂപ്പൻ പി.ജി.ജനാർദ്ധനൻ നന്ദിയും രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ ഗ്രാമസഭ സമാപിച്ചു.

Related Articles

Back to top button
error: Content is protected !!