Thodupuzha

പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു  വിദ്യാര്‍ഥി സഹപാഠിയെ വാക്കത്തിക്ക് വെട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

 

 

 

മൂന്നാര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി സഹപാഠിയെ വാക്കത്തിക്ക് വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാര്‍ ടൗണ്‍ സ്വദേശിയായ വിദ്യാര്‍ഥി സഹപാഠിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് വെട്ടിയത്. പെണ്‍കുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. കഴുത്തിലും കൈയ്ക്കും പരുക്കേറ്റ പെണ്‍കുട്ടിയെയും ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിയെയും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പ്രമുഖ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ സെവന്‍മല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ വീടിനു സമീപത്ത് ഇറങ്ങിയ പെണ്‍കുട്ടിയുടെ അരികില്‍ ഓട്ടോറിക്ഷയില്‍ എത്തിയ വിദ്യാര്‍ഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടു പോയി. പിന്‍ഭാഗത്തുള്ള ശുചി മുറിയുടെ സമീപം ഇവര്‍ സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ പ്രകോപിതനായ വിദ്യാര്‍ഥി കൈയ്യില്‍ കരുതിയിരുന്ന വാക്കത്തിയെടുത്ത് പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. വീടിനു സമീപം കാത്തു നില്‍ക്കുകയായിരുന്ന അമ്മ ശരീരം മുഴുവന്‍ രക്തമൊലിച്ച നിലയില്‍ ഓടി വരുന്ന മകളെയാണ് കണ്ടത്. അലറി വിളിച്ച അമ്മ അയല്‍ക്കാരെയും കൂട്ടി പെണ്‍കുട്ടിയെ മൂന്നാറിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി ഓടിപ്പോകുന്നതു കണ്ട വിദ്യാര്‍ഥി ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി കൊണ്ട് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. കൈത്തണ്ടയിലും സ്വയം പരിക്കേല്‍പ്പിച്ച് ദേഹമാസകലം രക്തം പടര്‍ന്ന് അടുത്തുള്ള ഒരു തോടിനു സമീപം വീണു കിടക്കുന്ന നിലയിലാണ് പോലീസ് യുവാവിനെ കണ്ടെത്തിയത്. മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇതില്‍ നിന്ന് പെണ്‍കുട്ടി പിന്‍മാറിയതിലുള്ള വൈരാഗ്യം മൂലമാണ് ആക്രമണത്തിന് കാരണമെന്നും സൂചനയുണ്ട്.

Related Articles

Back to top button
error: Content is protected !!