Thodupuzha

മാനദണ്ഡങ്ങള്‍ പാലിക്കാതെ അഭിമുഖം നടത്താന്‍ ശ്രമമെന്ന് ആരോപണം; ജില്ലാ ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം

തൊടുപുഴ: മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികളിലേക്ക് അഭിമുഖത്തിന് നീക്കം നടത്തിയെന്ന് ആരോപണം. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് അഭിമുഖം മാറ്റിവച്ചു. എന്‍.എച്ച്.എം, ആര്‍.എസ്.ബി.വൈ എന്നീ പദ്ധതികളിലേക്കായി ദിവസ വേതനം അടിസ്ഥാനത്തില്‍ മൂന്ന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് ഇന്നലെ അഭിമുഖം നടത്താന്‍ തീരുമാനിച്ചത്. നിശ്ചിത യോഗ്യതയുള്ള 36 അപേക്ഷകര്‍ അഭിമുഖത്തിനായി എത്തിയിരുന്നു.

 

ഇതിനിടെ വേണ്ടത്ര അറിയിപ്പോ നടപടികളാ സ്വീകരിക്കാതെ സ്വകാര്യമായി അഭിമുഖം നടത്താനാണ് സൂപ്രണ്ട് ശ്രമിച്ചതെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അഭിമുഖത്തിന് ഇന്റര്‍വ്യു ബോര്‍ഡ് ഇല്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു. പത്തിലധികം ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഇത് അട്ടിമറിച്ച് അഭിമുഖം മാത്രം നടത്താനായിരുന്നു നീക്കമെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം ആര്‍.പ്രശോഭ്, മണക്കാട് ലോക്കല്‍ സെക്രട്ടറി എം.പി. അരുണ്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാന്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

 

എന്നാല്‍ ആശുപത്രിയിലെ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിരുന്നതായി സൂപ്രണ്ട് ഡോ. എം.ആര്‍. ഉമാദേവി പറഞ്ഞു. ഇതിനായുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചിരുന്നു. നിലവിലുണ്ടായിരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യമാണുള്ളത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്താനിരുന്ന ഇന്റര്‍വ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായും സൂപ്രണ്ട് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!