ChuttuvattomThodupuzha

തൊടുപുഴയില്‍ അമൃത് 2.0 പദ്ധതി യാഥാര്‍ഥ്യമാകുന്നു

തൊടുപുഴ: കേരളത്തിലെ 93 നഗരസഭകളിലേയും എല്ലാ വീടുകളിലും സമ്പൂര്‍ണമായി കുടിവെള്ളമെത്തിക്കുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0 -ക്ക് തൊടുപുഴയില്‍ തുടക്കമായി. ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള കോര്‍ കമ്മിറ്റിയുടെ യോഗം വെളളിയാഴ്ച്ച നഗരസഭ ഓഫീസില്‍ ചേര്‍ന്നു. തൊടുപുഴ വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് നഗരസഭയുടെ 35 വാര്‍ഡുകളിലും കൂടി 2000 വീടുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് 9.64 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നഗരസഭ തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി പ്രവര്‍ത്തി വാട്ടര്‍ അതോറിറ്റി ടെന്‍ഡര്‍ ചെയ്തിട്ടുള്ളതാണ്. കൂടാതെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 3 കുളങ്ങളുടെ പുനരുജ്ജീവനത്തിനായി 16 ലക്ഷം രൂപയുടെ ഡി.പി.ആര്‍. ഉം സമപ്പര്‍പ്പിച്ചിട്ടുള്ളതാണ്. യോഗത്തില്‍ അമൃത് 2.0 സിറ്റിമിഷന്‍ മാനേജ്മെന്റ് പ്രതിനിധി പദ്ധതിയുടെ നിര്‍വഹണത്തെക്കുറിച്ച് വിശദീകരിച്ചു. കാരൂപ്പാറ, അണ്ണായിക്കണ്ണം, ഇടികെട്ടിപ്പാറ, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!