IdukkiLocal Live

അങ്കണവാടികള്‍ ഇനി പുകരഹിതം : അംഗന്‍ജ്യോതി പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന്

ഇടുക്കി : കാര്‍ബണ്‍ പുറന്തള്ളാത്ത അങ്കണവാടികള്‍ (സീറോ കാര്‍ബണ്‍) എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ അങ്കണവാടികളില്‍ പുകയില്ലാത്ത അടുക്കളകളൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന കാമ്പയ്ന്റെ ഭാഗമായാണ് അംഗന്‍ ജ്യോതി പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും ഇന്ന് 9.30ന് ഇരട്ടയാറില്‍ എം.എം.മണി എംഎല്‍എ നിര്‍വഹിക്കും. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി അധ്യക്ഷത വഹിക്കും. നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിനി എസ് പദ്ധതി വിശദീകരണവും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ജോര്‍ജ് വിഷയാവതരണവും നിര്‍വഹിക്കും. ജില്ലയില്‍ 34 അങ്കണവാടികള്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. യോഗത്തില്‍ ജില്ലയിലെ മികച്ച മാതൃകാഹരിതകര്‍മസേനയെ ആദരിക്കും.

അങ്കണവാടികളില്‍ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങള്‍ സൗരോര്‍ജ്ജ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊര്‍ജസംരക്ഷണവും കാര്‍ബണടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കലും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് അംഗന്‍ ജ്യോതി. സംസ്ഥാനസര്‍ക്കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍ക്കാണ് സൗരപാചക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.ഇരട്ടയാര്‍ പഞ്ചായത്ത് വനിതാസാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

Related Articles

Back to top button
error: Content is protected !!