ChuttuvattomThodupuzha

അന്നപൂര്‍ണം തൊടുപുഴ വീണ്ടും സജീവമായി

തൊടുപുഴ: വിശപ്പുരഹിത തൊടുപുഴ എന്ന ലക്ഷ്യത്തോടെ  റോട്ടറി ക്ലബ്ബ്, തൊടുപുഴ പോലീസുമായി ചേര്‍ന്ന് നടപ്പാക്കി വന്ന അന്നപൂര്‍ണം തൊടുപുഴ വീണ്ടും സജീവമായി. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയായ  സുഭിക്ഷയുടെ ഭാഗമായി  2019 മുതല്‍ നടപ്പാക്കിയ അന്നപൂര്‍ണം കോവിഡ് കാലത്തോടെ മന്ദഗതിയിലായിരുന്നു. പദ്ധതി പൂര്‍വാധികം ഭംഗിയോടെയും ജനപങ്കാളിത്തത്തോടെയും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് റോട്ടറി ക്ലബ്ബും  പോലീസും. തൊടുപുഴ നഗരത്തിലെത്തുന്ന ഒരാള്‍ പോലും കൈയില്‍ പണമില്ലാത്തതു കൊണ്ട് പട്ടിണിയാവാന്‍ പാടില്ല എന്ന ആശയമാണ് പദ്ധതിക്ക് പിന്നില്‍. ഭക്ഷണത്തിനുള്ള സൗജന്യ കൂപ്പണുകള്‍ ആവശ്യക്കാര്‍ക്ക് ബസ് സ്റ്റാന്‍ഡുകളിലെയും ജില്ലാ ആശുപത്രിയിലെയും പോലീസ് എയ്ഡ് പോസ്റ്റുകളില്‍ നിന്നും തൊടുപുഴ പോലീസ് സ്റ്റേഷനില്‍  രാവിലെ 11 മുതല്‍  2  വരെ ലഭിക്കും. ഈ കൂപ്പണുകള്‍ നിശ്ചിത ഹോട്ടലുകളില്‍ കൊടുത്താല്‍ ഭക്ഷണം സൗജന്യമായി ലഭിക്കും. തൊടുപുഴ പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ ഡിവൈ. എസ്.പി എം.ആര്‍ മധു ബാബു ഭക്ഷണ കൂപ്പണുകള്‍  സി.ഐ സുമേഷ് സുധാകരന് കൈമാറി പദ്ധതിയുടെ പുന:സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൊടുപുഴ റോട്ടറി ക്ലബ് സെക്രട്ടറി റോണി തോമസ്, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഡോ. റെജി ജോസ്,   ലിറ്റോ.പി.ജോണ്‍, ഹെജി. പി.ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!