ChuttuvattomThodupuzha

കാലില്‍ പ്ലാസ്റ്ററുമായി ആന്‍സി പത്താം തരം തുല്യത പരീക്ഷ എഴുതാനെത്തി

തൊടുപുഴ: പ്ലാസ്റ്ററിട്ട കാലുമായിട്ടാണ് 58 കാരി ആന്‍സി പത്താം തരം തുല്യത പരീക്ഷ എഴുതാന്‍ എത്തിയത്. പൂമാല കൂവക്കണ്ടം പീടികയില്‍ മാത്യുവിന്റെ ഭാര്യയാണ് ആന്‍സി . തൊടുപുഴ എ.പി ജെ അബ്ദുള്‍ കലാം ജി.ജി.എച്ച്.എസ്.എസിലെ സാക്ഷരതാമിഷന്റെ പത്താം തരം തുല്യത പഠിതാവാണ് ആന്‍സി . പഠന കേന്ദ്രത്തിലെ ഓണാഘോഷ പരിപാടികള്‍ക്കു ശേഷം വീട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ കല്ലില്‍ ചവിട്ടി കാലിടറി വീണ് വലതുകാലിന് പൊട്ടലേറ്റു. ഇതിനിടെയാണ് പരീക്ഷ എത്തിയത്. ഇതോടെ ആന്‍സിക്ക് വേവലാതിയായി. എന്നാലും വീട്ടിലിരുന്ന് നന്നായി പഠിച്ചു. ഒടുവില്‍ കാലിന്റെ വേദന സഹിച്ചും പ്ലാസ്റ്ററിട്ട കാലുമായി തന്നെ ഓട്ടോറിക്ഷയില്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തി പരീക്ഷ എഴുതാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് പരീക്ഷ ആരംഭിച്ചത്.

തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ജി.ജി.എച്ച് എസ് പരീക്ഷാ കേന്ദ്രത്തില്‍ തന്നെയാണ് ആന്‍സി പരീക്ഷ എഴുതുന്നത്. ഓട്ടോറിക്ഷയില്‍ പരീക്ഷാ കേന്ദ്രത്തിലെത്തിയ ആന്‍സിയെ കൂട്ടുകാരാണ് താങ്ങിപ്പിടിച്ച് ക്ലാസ് മുറിയില്‍ എത്തിച്ചത്. പ്ലംമ്പിംഗ് ജോലിക്കാ
രനായ മാത്യൂവിനും ഹരിത കര്‍മ്മസേനാംഗമായ ആന്‍സിക്കും രണ്ട് പെണ്‍ മക്കളാണ്. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടെ പഠനം മുടങ്ങിയ ആന്‍സി നഷ്ടപ്പെട്ടെന്ന് കരുതിയ അവസരം തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ്. പത്താം തരം പാസായി ഹയര്‍ സെക്കണ്ടറിക്ക് ചേരാനും ആഗ്രഹം ഉണ്ട് . ഇന്നലെ ആരംഭിച്ച പത്താം തരം തുല്യത പരീക്ഷ ഇടുക്കി ജില്ലയില്‍ നിന്ന് എഴുതുന്നത് 416 പേരാണ് . വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എച്ച് എസ് എസ് പരീക്ഷ കേന്ദ്രത്തിലെ 67 കാരി കല്ലോലിക്കല്‍ ഡി ചിന്നമ്മയാണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ്. വണ്ടിപ്പെരിയാര്‍ ചോറ്റുപാറ സ്വദേശിനിയാണ് ഇവര്‍.

Related Articles

Back to top button
error: Content is protected !!