Local LiveMuttom

കുടിശ്ശിക കുമിയുന്നു; തദ്ദേശസ്ഥാപനങ്ങള്‍ക്ക് കരാറുകാരെ കിട്ടാനില്ല

മുട്ടം: കുടിശ്ശിക കുമിഞ്ഞ് കൂടിയതോടെ ത്രിതല പഞ്ചായത്തുകളുടെ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാരെ കിട്ടാനില്ല. ഓരോ പഞ്ചായത്തിലും 10 ലധികം പ്രവൃത്തികളാണ് ടെണ്ടര്‍ എടുക്കാതെ കിടക്കുന്നത്. ഇതിലധികവും ഗ്രാമീണ റോഡുകളുടെ ടാറിംഗാണ്. കോണ്‍ക്രീറ്റ് കെട്ടിട നിര്‍മാണങ്ങളുടെ കാര്യവും വിഭിന്നമല്ല. പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞാലും തുക സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതാണ് കരാറുകാര്‍ തിരിഞ്ഞു നോക്കാത്തതിന് കാരണം. കരാറുകാര്‍ എടുക്കുന്ന സാമഗ്രികള്‍ക്ക് പണംകിട്ടാന്‍ വൈകുമെന്നതിനാല്‍ അധിക ബില്ലാണ് ഏജന്‍സികളും ഉടമകളും ഈടാക്കുന്നതെന്ന് കരാറുകാര്‍ പറയുന്നു.മെറ്റല്‍, പാറപ്പൊടി, സിമന്റ് തുടങ്ങിയവക്കും കരാറുകാര്‍ അധിക വില നല്‍കണം. പലയിടത്തും കരാറുകാര്‍ക്ക് സാധനങ്ങള്‍ കടമായി കൊടുക്കുന്നുമില്ല. സാധന സാമഗ്രികള്‍ കടമായി ലഭിക്കാത്തതിനാല്‍ ബാങ്കുകളില്‍ നിന്നും ഒ.ഡി എടുത്താണ് മിക്കവരും കരാര്‍ ഏറ്റെടുക്കുന്നത്. ഒ.ഡി വായ്പക്ക് 6 മുതല്‍ 12 ശതമാനം വരെ പലിശ വരും.മുന്‍ കാലങ്ങളെ അപേക്ഷിച്ച് ചെറിയ ലാഭം മാത്രമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍ ലഭിക്കുന്നതെന്ന് കരാറുകാര്‍ പറയുന്നു. സാമഗ്രികളുടെ വില വര്‍ധന ലാഭം കുറയാന്‍ പ്രധാന കാരണമാണ്.

സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാന്‍ കാലതാമസം വരുന്നതോടെ ബാങ്ക് പലിശ അധികരിക്കും. ഇതെല്ലാം മൂലം ഭൂരിപക്ഷം കരാറുകാരും ത്രിതല പഞ്ചായത്തുകളുടെ ജോലി എടുക്കാത്ത അവസ്ഥയാണ് നിലവില്‍.മുന്‍ കാലങ്ങളില്‍ കരാറുകാര്‍ ജനപ്രതിനിധികള്‍ക്ക് പിന്നാലെ നടക്കുന്ന സ്ഥിതിയായിരുന്നു. എന്നാലിപ്പോള്‍ കരാറുകാരുടെ പിറകെ ജനപ്രതിനിധികള്‍ ഓടുകയാണ്. ജനപ്രതിനിധികളുടെ സമ്മര്‍ദത്തിന് വഴങ്ങി കരാര്‍ എടുത്താലും അതു കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ തിരിഞ്ഞ് നോക്കില്ലെന്ന് കരാറുകാര്‍ പറയുന്നു. പിന്നീട് ഉള്ള ദുരിതം മുഴുവന്‍ കരാറുകാര്‍ അനുഭവിക്കണം. ഇതിനിടെ നാട്ടുകാരുടെയും പിരിവുകാരുടെയും സമ്മര്‍ദ്ദം, ട്രഷറി നിയന്ത്രണം ഉള്‍പ്പടെ എല്ലാം കരാറുകാര്‍ അനുഭവിക്കണം. അതിനാല്‍ തന്നെ ഭൂരിപക്ഷം കരാറുകാരും ത്രിതല പഞ്ചായത്ത് പണികള്‍ പൂര്‍ണമായും ഉപേക്ഷിച്ച സ്ഥിതിയാണ്. മാര്‍ച്ച് മാസത്തിന് മുന്‍പ് ജോലികള്‍ പൂര്‍ത്തിയാക്കി ബില്‍ മാറിയില്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങും. ഇത് അടുത്ത വര്‍ഷം സ്പില്‍ ഓവറാക്കേണ്ടിവരും. ഇതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും.

Related Articles

Back to top button
error: Content is protected !!