Thodupuzha

കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറകള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും മിഴി തുറന്നില്ല

തൊടുപുഴ: കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങള്‍ പിടികൂടാന്‍ കോടികള്‍ മുടക്കി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറകള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും മിഴി തുറന്നില്ല. ഏപ്രില്‍ ഒന്നുമുതല്‍ കാമറകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കേരള മോട്ടോര്‍ വാഹനവകുപ്പിന്‍റെയും കെല്‍ട്രോണിന്‍റെയും ആഭിമുഖ്യത്തില്‍ ജില്ലയിലാകെ സ്ഥാപിച്ച 38 കാമറയാണ് നോക്കുകുത്തിയായി നില്‍ക്കുന്നത്. തൊടുപുഴ ടൗണില്‍ മാത്രം 13 കാമറയാണ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡുകളിലും വാഹനാപകടങ്ങള്‍ കൂടുതലുണ്ടാകുന്ന ഹോട്ട്സ്‌പോട്ടുകളിലുമാണ് സര്‍വേ നടത്തി കാമറകള്‍ സ്ഥാപിച്ചത്. ഒരു കാമറക്ക് മാത്രം 50,000 രൂപ മുടക്കുണ്ട്. കെല്‍ട്രോണാണ് ഈ ആധുനിക കാമറകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവ ഘടിപ്പിക്കാനുള്ള തൂണുകള്‍ സ്ഥാപിച്ചതുള്‍െപ്പടെയുള്ള ചെലവ് പുറമെ വരും. ഇത്രയും പണം മുടക്കിയിട്ടും ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ കാമറകള്‍ നശിക്കുമോയെന്ന് ആശങ്കയുണ്ട്. നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതര്‍ തടഞ്ഞുനിര്‍ത്തി പിടികൂടുന്നതിന് പകരം കാമറക്കണ്ണില്‍ കുടുക്കുന്നതായിരുന്നു പദ്ധതി. കാമറയില്‍ യാത്രക്കാരന്‍റെ ഫോട്ടോ, വാഹന നമ്ബര്‍, വാഹനം എന്നിവ പതിയും. ഈ ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പിഴ അടക്കാനുള്ള നോട്ടീസ് വാഹനയുടമകളെത്തേടി വീട്ടില്‍ വരും. ജില്ലയില്‍ എവിടെ നിയമലംഘനം നടന്നാലും ചിത്രം തൊടുപുഴയിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. തൊടുപുഴ വെങ്ങല്ലൂരിലുള്ള ഇടുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസിലാണ് കണ്‍ട്രോള്‍ റൂം. കാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button
error: Content is protected !!