Moolammattam

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി – പവര്‍ @ 2047′ രണ്ടാം ഘട്ട ആഘോഷം മൂലമറ്റത്ത് നടത്തി

മൂലമറ്റം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണകൂടവും കെ എസ് ഇ ബിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047’ ആഘോഷ പരിപാടിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് നിര്‍വ്വഹിച്ചു. ഊര്‍ജ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ സമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് പുതുതലമുറക്ക് കൂടി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോളേജുകളും സ്‌കൂളുകളും കേന്ദ്രികരിച്ച് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.

ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ തലത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഊര്‍ജ്ജ രംഗത്ത് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ലഘു ലേഖകളും പ്രദര്‍ശിപ്പിച്ചു. സെന്റ് ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകവും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതി വഴി വൈദ്യുതി ലഭിച്ച കെ.എസ്.ഇ.ബി മൂലമറ്റം സെക്ഷന് കീഴിലെ ഉപഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവെച്ചു.

പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ആന്റ് നോഡല്‍ ഓഫീസ് മാനേജര്‍ ഇലാസ് ഖേര്‍നാര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്ബ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം റ്റി.ആര്‍. സെല്‍വരാജ്, അറക്കുളം ഗ്രാമപഞ്ചായത്തംഗം കൊച്ചുറാണി ജോസ്, കോളേജ് മാനേജര്‍ ഫാ. ഡോ. തോമസ് ജോര്‍ജ്ജ് വെങ്ങാലുവക്കേല്‍, പ്രിന്‍സിപ്പല്‍ സാം കുട്ടിതുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ. ആര്‍ രാജീവ് സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എബി എബ്രഹാം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!