KarimannurThodupuzha

എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണ ശ്രമം

തൊടുപുഴ: എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമം. കരിമണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കവര്‍ച്ചാ ശ്രമം നടന്നത്. ആയുധങ്ങള്‍ ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടാക്കള്‍ക്ക് കൈക്കലാക്കാന്‍ കഴിഞ്ഞില്ല. പ്രതികളുടെ ദൃശ്യം എടിഎമ്മിലെ സിസിടിവിയില്‍ നിന്നും പോലീസിനു ലഭിച്ചു. ഇതര സംസ്ഥാനക്കാരാണ് കവര്‍ച്ചാ ശ്രമം നടത്തിയതെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.

രണ്ടു പേരുടെ ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. കറുത്ത ടീഷര്‍ട്ട് ധരിച്ചയാളും ഷര്‍ട്ടിടാത്തയാളും എടിഎമ്മിലേക്ക് കടക്കുന്നതും കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരാള്‍ എടിഎം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റെയാള്‍ പരിസരം നിരീക്ഷിക്കുന്ന ദൃശ്യവുമാണ് ലഭിച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കൗണ്ടര്‍ പൊളിച്ചെങ്കിലും കാഷ് ട്രേയിലിരുന്ന പണം ലഭിക്കാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്‍വാങ്ങുകയായിരുന്നു.

രാവിലെയെത്തിയ ബാങ്ക് അധികൃതരാണ് എടിഎം തകര്‍ന്നു കിടക്കുന്നത് കാണുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. കരിമണ്ണൂര്‍ എസ്എച്ച്ഒ കെ.ജെ.ജോബി, എസ്‌ഐ ജയചന്ദ്രന്‍, എഎസ്‌ഐ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി എസ്എച്ച്ഒ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!