Thodupuzha

ആളുമാറി കസ്റ്റഡിയിലെടുക്കാന്‍ ശ്രമം:  എക്സൈസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു

തൊടുപുഴ: ലഹരി മരുന്ന് സംഘത്തില്‍പ്പെട്ടയാളെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുക്കാന്‍ ശ്രമം. എക്സൈസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ ബാസിത് നവാസി(23)നെ ആളുമാറി അറസ്റ്റു ചെയ്‌തെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നിരപരാധിയായ തന്നെ എക്സൈസ് സംഘം ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് യുവാവ് പോലീസ് പരാതി നല്‍കി. എന്നാല്‍, കൃത്യനിര്‍വഹണത്തിന് തടസം നിന്നെന്ന് ആരോപിച്ച് എക്സൈസും കേസ് നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വെങ്ങല്ലൂര്‍ പള്ളിക്കുറ്റിക്ക് സമീപമാണ് സംഭവം. രാവിലെ എം.ഡി.എം.എയും കഞ്ചാവുമായി വെങ്ങല്ലൂര്‍ സ്വദേശികളായ അഖില്‍, യദുകൃഷ്ണ എന്നിവരെ എക്‌സൈസ് അറസ്റ്റു ചെയ്തിരുന്നു. പിടിയിലായ പ്രതികളുടെ മൊഴി പ്രകാരം കൂട്ടാളിയെ കണ്ടെത്തുന്നതിനാണ് എക്സൈസ് സംഘം പള്ളിക്കുറ്റിയിലെ ഒരു പറമ്പിന് സമീപം എത്തിയത്. എക്സൈസിനെ കണ്ടതോടെ അവിടെയുണ്ടായിരുന്നവര്‍ ഓടിപ്പോയി. ഈ സമയം പുഴയിലേക്ക് കുളിക്കാന്‍ പോയ ബാസിതിനെ എക്സൈസ് സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നുവെന്നാണ് പരാതി. ബാസിതിനെ ിലങ്ങ് വെച്ച് ശരീര പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ലഹരി വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ഇതിനിടെ ക്രൂരമായി മര്‍ദിച്ചെന്നും ബാസിതിന്റെ പരാതിയിലുണ്ട്.

ബഹളം കേട്ട് നാട്ടുകാരും ബാസിത്തിന്റെ പിതാവും ഇവിടേക്ക് എത്തി. ഇവര്‍ എക്സൈസിന്റെ നടപടിയെ ചോദ്യം ചെയ്തു. ഏറെ സമയത്തിന് ശേഷം എക്സൈസിന്റെ പക്കലുള്ള ഫോട്ടോയും ഫോണ്‍ നമ്പരും പരിശോധിച്ചപ്പോഴാണ് ആള് മാറിയ വിവരം മനസിലാകുന്നത്. തുടര്‍ന്ന് തൊടുപുഴ പോലീസിന്റെ സാന്നിധ്യത്തില്‍ യുവാവിനെ വിട്ടയയ്ക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബാസിതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എക്സൈസ് സംഘം പറയുന്നത്. ലഹരി വസ്തുവായ എം.ഡി.എം.എയുമായി പിടിയിലായ യുവാവിന്റെ മൊഴി പ്രകാരമാണ് എക്സൈസ് സ്ഥലത്തെത്തിയത്. ബാസിതെന്ന പറയുന്ന ആളാണ് കൂട്ടാളിയെന്നായിരുന്നു മൊഴി. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന യുവാവിന്റെ പേരും ബാസിത് എന്നായിരുന്നു. അതിനാല്‍, കൂടുതല്‍ അന്വേഷണത്തിനായി ഓഫീസിലേക്ക് സംഘത്തിനൊപ്പം വരണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഒരു വിഭാഗം സംഘടിച്ചെത്തി കൂടുതല്‍ അന്വേഷണം നടത്താന്‍ അനുവദിക്കാതെ എക്സൈസ് സംഘത്തെ തടഞ്ഞുവെന്നും ഓടിപ്പോയവരെയും ബാക്കിയുള്ള ലഹരി വസ്തുക്കളും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എക്സൈസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!