Thodupuzha

ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുമാരമംഗലം: പുതുതലമുറയുടെ ജീവിതശൈലിയെകുറിച്ചും കുട്ടികളിലെ ലഹരിഉപയോഗതത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അവബോധം പകര്‍ന്നു നല്‍കുന്ന ഏകദിന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയകാലത്തിലെ പാഠ്യ പദ്ധതികളെക്കുറിച്ചും പുത്തന്‍ തൊഴില്‍ സാധ്യതകളെ മുന്‍നിര്‍ത്തിയും വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നേതൃത്വം നല്‍കി. പുതിയ കാലഘട്ടത്തിലെ സാധ്യതകളും കുട്ടികളുടെ സ്വപ്നങ്ങളിലേക്ക് അവരെ എങ്ങനെ നയിക്കാം എന്നും രക്ഷകര്‍ത്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാംവിധം അദ്ദേഹം സംവദിച്ചു.കുട്ടികളില്‍ വര്‍ധിച്ചു വരുന്ന ലഹരിഉപയോഗവും അതിനെ പ്രതിരോധിക്കുന്നതില്‍ സമൂഹത്തിന്റെ പങ്ക് എന്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ ലഹരിക്കും മൊബൈല്‍ ഫോണിനും അടിമകളായ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് സാധ്യതകളെക്കുറിച്ച് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കി. ‘തന്നെ നേരില്‍ വിളിച്ച് ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാമെന്ന്’ മാതാപിതാക്കള്‍ക്ക് ഉറപ്പും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ആര്‍ കെ ദാസ് മലയാറ്റില്‍, സുധ ദാസ് മലയാറ്റില്‍, സി. ഒ. ഒ. അരവിന്ദ് മലയാറ്റില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സക്കറിയാസ് ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ എം എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂളിലെ രക്ഷകര്‍ത്താവും മികച്ച എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കുള്ള പുരസ്‌കാര ജേതാവുമായ സുനില്‍ രാജിനെ ചടങ്ങില്‍ ആദരിച്ചു. ഇതോടൊപ്പം ഉച്ചകഴിഞ്ഞ് തൊടുപുഴ ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് എം. കെ. എന്‍.എം. ഹൈസ്‌കൂളിലെ എസ്. പി .സി. വിദ്യാര്‍ഥികള്‍ക്കും വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക സംവാദവും സംഘടിപ്പിച്ചു. സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം ഋഷിരാജ് സിംഗിന്റെ നാമധേയത്തില്‍ സ്‌കൂള്‍ അംഗണത്തില്‍ ഫലവൃക്ഷതൈ നാടുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!