ChuttuvattomThodupuzha

ജോസഫിനെയും എം.പിയെയും കാത്തിരിക്കുന്നത് ജനാധിപത്യത്തിന്റെ തിരിച്ചടികള്‍: സി.പി.എം

തൊടുപുഴ: ജനാധിപത്യ ഭരണ സംവിധാനത്തെ ബഹുമാനിക്കാനും അംഗീകരിക്കാനും തയ്യാറാകാത്ത പി.ജെ. ജോസഫിനെയും ഡീന്‍ കുര്യാക്കോസിനെയും കാത്തിരിക്കുന്നത് ജനാധിപത്യത്തിന്റെ  തിരിച്ചടികളെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിമാരും നാടിന്റെ വികസന മുന്നേറ്റത്തിന് നടപ്പാക്കുന്ന പദ്ധതികളില്‍ നിന്നും മാറിനില്‍ക്കുന്നതും അധിക്ഷേപം ചൊരിയുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മുട്ടം തുടങ്ങനാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്‌പൈസസ് പാർക്കിന്റെ ചടങ്ങില്‍ നിന്ന് പി.ജെ. ജോസഫും എം.പിയും വിട്ടു നിന്നു. ഇത് ഒരിക്കല്‍ മാത്രമല്ല സ്‌പൈസസ് പാര്‍ക്കിന്റെ  തറക്കല്ലിടീല്‍ ചടങ്ങിന് വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ എത്തിയപ്പോഴും വിജിലന്‍സ് ഓഫീസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴും ജോസഫ് വിട്ടുനിന്നു. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ജില്ലയില്‍ രണ്ട് ദിവസം ക്യാമ്പ് ചെയ്ത് പങ്കെടുക്കുന്ന 5 നവകേരള സദസുകളും ബഹിഷ്‌ക്കരിക്കാനാണ് എം.പിയും എം.എല്‍.എ യും തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ബഹിഷ്‌ക്കരണം തൊഴിലായി സ്വീകരിച്ചിട്ടുള്ള ഈ ജനപ്രതിനിധികളെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന കാലം വിദൂരത്തല്ലെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു. എം.എം. മണി മന്ത്രിയായതോടെയാണ് ജില്ലയ്ക്കുവേണ്ടിയാകെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും വികസന വിസ്മയം സൃഷ്ടിച്ചതും. എം.എം. മണി 10 കോടി ഇടുക്കി മെഡിക്കല്‍ കോളേജിന് നല്‍കിയപ്പോള്‍ ബഹിഷ്‌ക്കരണം ശീലമാക്കിയവര്‍ എന്തു നല്‍കിയെന്ന് ജനങ്ങള്‍ തിരിച്ചറിയും. ഇടുക്കിക്ക് അഴിയാക്കുരുക്കുപോലെ ബാധ്യതയായ എം.പിയെ 6 മാസം കൂടിയേ ജനങ്ങള്‍ ചുമക്കുകയുള്ളൂ എന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!