Kerala

ബാര്‍ കോഴ ആരോപണം ; ക്രൈംബ്രാഞ്ച് അന്വേഷണം നാളെ മുതല്‍; അനിമോന്റെയടക്കം മൊഴിയെടുക്കും

തിരുവനന്തപുരം : ബാർ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നാളെ മുതൽ ആരംഭിക്കും. അന്വേഷണസംഘം അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ല. പ്രാഥമിക അന്വേഷണത്തിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കണമെങ്കിൽ ബാറുടമകൾ കോഴ നൽകണമെന്ന ശബ്ദസന്ദേശമാണ് അനിമോൻ പുറത്തുവിട്ടത്.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും എംബി രാജേഷിന്റെയും രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ബാർ കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ മുൻ സംഘടനാ നേതാവ് അനിമോൻ. പണം ചോദിച്ചത് ബാർ ഉടമകളുടെ ആസ്ഥാനത്തിനുവേണ്ടിയാണെന്നാണ് വിശദീകരണം. പണം കൊടുക്കാൻ തയ്യാറുള്ളവർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പണം ഇടുന്നത് സംഘടനയുടെ അക്കൗണ്ടിലേക്കാണെന്നും പണം തന്നെ ഏൽപ്പിക്കാൻ പറഞ്ഞിട്ടില്ലെന്നും അനിമോൻ പ്രതികരിച്ചു. വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് അനിമോന്റെ വാക്കുകൾ. കെട്ടിടവും സ്ഥലവും വാങ്ങിക്കാനുള്ള പണപ്പിരിവിനാണ് നിർദേശം നൽകിയത്.

Related Articles

Back to top button
error: Content is protected !!