ChuttuvattomThodupuzha

ബ്രെയില്‍ സാക്ഷരതാ പദ്ധതി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തൊടുപുഴ: ജില്ലയില്‍ നടപ്പിലാക്കുന്ന ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ കാഴ്ച പരിമിതി നേരിടുന്ന 15 വയസിന് മുകളില്‍ പ്രായമുള്ളവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവുമായി ചേര്‍ന്ന്
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ അടിസ്ഥാന വിദ്യാഭ്യാസം നല്കുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കുക, ഒറ്റപ്പെട്ടു നില്ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യമായ ലക്ഷ്യങ്ങള്‍.സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ
സഹകരണത്തോടെയാകും പഠിതാക്കളെ കണ്ടെത്താനുള്ള സര്‍വേ സംഘടിപ്പിക്കുന്നത്.
സര്‍വേയിലൂടെ കണ്ടെത്തുന്ന പഠിതാക്കള്‍ക്ക് 160 മണിക്കൂര്‍ ക്ലാസ് നല്കും.ഇതിനായി ബ്രെയില്‍ ലിപിയില്‍ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിക്കും.15 മുതല്‍ 20 വരെ പഠിതാക്കള്‍ക്ക് ഒന്ന് എന്ന നിലയില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ സജ്ജമാക്കും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു
കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അന്നു അഗസ്റ്റിന്‍
അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍കരീം പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷന്‍ നോഡല്‍ പ്രേരക്മാരായ ഡയസ് ജോസഫ് , ബീന എം.എന്‍, സുലൈഖ വി.പി., ഡെയ്സി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!