ChuttuvattomThodupuzha

തൊടുപുഴ നഗരസഭയിലെ കൈക്കൂലി കേസ്;  അസി.എന്‍ജിനീയര്‍ തടഞ്ഞു വച്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്‌കൂളിന് ലഭിച്ചു

തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് തൊടുപുഴ നഗരസഭ അസി. എന്‍ജിനീയര്‍ തടഞ്ഞു വച്ച കുമ്മംകല്ല് ബി.ടി.എം എല്‍.പി സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇന്നലെ മുനിസിപ്പാലിറ്റിയില്‍ നിന്നും സ്‌കൂള്‍ മാനേജ്മെന്റിനു ലഭിച്ചു. 278.14 ചതുരശ്ര മീറ്റര്‍ കെട്ടിടത്തിനാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. അസി. എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന ഓവര്‍സീയറാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വച്ചിരിക്കുന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി ഒരു മാസത്തിലേറെയായി സ്‌കൂള്‍ മാനേജ്മെന്റ് അപേക്ഷ നല്‍കി ഓഫിസ് കയറി ഇറങ്ങിയിരുന്നു.

എന്നാല്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് അസി. എന്‍ജിനീയര്‍ സി.ടി. അജി കടുത്ത നിലപാട് സ്വീകരിച്ചതോടെ സ്‌കൂള്‍ അഡ്മിനിസിട്രേറ്റര്‍ വിജിലന്‍സില്‍ പരാതി നല്‍കി. ഇതെ തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കഴിഞ്ഞ 25 നാണ് അസി. എന്‍ജിനീയരെയും ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തത്. കൈക്കൂലി നല്‍കണമെന്ന് നിര്‍ദേശം നല്‍കിയതിന്റെ പേരില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജും കേസില്‍ രണ്ടാം പ്രതിയാണ്. അറസ്റ്റിലായ എന്‍ജിനീയറും ഇടനിലക്കാരനും റിമാന്‍ഡില്‍ കഴിയുകയാണ്. കേസില്‍ പ്രതിയായ ചെയര്‍മാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും, ബി.ജെ.പിയും ഉള്‍പ്പെടെയുള്ളവര്‍ സമരത്തിലാണ്. ഇതോടെ ചെയര്‍മാന് നഗരസഭ ഓഫിസില്‍ എത്താന്‍ സാധിക്കാത്ത സ്ഥിതിയും നിലവിലുണ്ട്.

Related Articles

Back to top button
error: Content is protected !!