ChuttuvattomThodupuzha

കൈക്കൂലി: ചെയര്‍മാന്‍ നാളെ ചോദ്യംചെയ്യലിന് ഹാജരാകണം: വിജിലന്‍സ് നോട്ടീസ് നല്‍കി

തൊടുപുഴ: സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായതിനെത്തുടര്‍ന്ന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള വിജിലന്‍സിന്‍ നോട്ടീസ് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന് നല്‍കി. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം നോട്ടീസ് കൈപ്പറ്റിയത്.നാളെ മുട്ടത്തെ വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ചെയര്‍മാനോട് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച സനീഷ് ജോര്‍ജിന്റെ വീട്ടില്‍ നോട്ടീസ് കൈമാറാനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നോട്ടീസ് വീട്ടില്‍ നല്‍കേണ്ടെന്നും ഇന്നലെ കൈപ്പറ്റാമെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നു നോട്ടീസ് കൈപ്പറ്റിയത്. കുമ്മംകല്ല് ബിടിഎം എല്‍പി സ്‌കൂളിന്റെ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നഗരസഭ അസി. എന്‍ജനിയര്‍ സി.ടി. അജി, ഇടനിലക്കാരന്‍ റോഷന്‍ സര്‍ഗം എന്നിവരെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവത്തില്‍ അസി. എന്‍ജനിയര്‍ക്ക് കൈക്കൂലി നല്‍കാന്‍ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ചെയര്‍മാനെ രണ്ടാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്.

ഇതിനിടെ കൈക്കൂലി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നഗരസഭാ ചെയര്‍മാനെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നതില്‍ ഇടതു കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നീരസമുണ്ട്. കൈക്കൂലിക്കേസില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെ പിന്തുണയ്ക്കുന്നില്ലെന്നാണ് വിവരം. ചില നേതാക്കളാണ് ചെയര്‍മാനു പിന്നിലുള്ളതെന്നും ഇക്കാരണത്താലാണ് കൈക്കൂലിക്കേസില്‍ പാര്‍ട്ടി നേതൃത്വം നയം വ്യക്തമാക്കാത്തതെന്നും ആരോപണമുണ്ട്. സംഭവം എല്‍ഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയ സാഹചര്യത്തില്‍ നടപടിയെടുത്ത് മുഖം രക്ഷിക്കണമെന്നാണ് ചില കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നഗരസഭ ഒന്‍പതാം വാര്‍ഡില്‍ ഉപ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം നീങ്ങുന്നത്. കോണ്‍ഗ്രസ് വിമതനായാണ് തെരഞ്ഞെടുപ്പില്‍ സനീഷ് ജോര്‍ജ് വിജയിച്ചത്. സനീഷിന് ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്ത് ഒപ്പം നിര്‍ത്തിയും ഒന്‍പതാം വാര്‍ഡില്‍ വിജയിച്ച ലീഗ് സ്വതന്ത്രയെ കാലുമാറ്റിയുമാണ് നഗരസഭ ഭരണം യുഡിഎഫിനെ അട്ടിമറിച്ച് എല്‍ഡിഎഫ് പിടിച്ചത്.

Related Articles

Back to top button
error: Content is protected !!