Thodupuzha

ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വിദൂര ഗ്രാമങ്ങളിൽ ബി. എസ്. എൻ. എൽ ടവറുകൾ സ്ഥാപിക്കും;ഡീൻ കുര്യാക്കോസ് എം. പി

തൊടുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ നിലവില്‍ ഒരു ടെലികോം കമ്പനിയുടെയും സാന്നിധ്യമില്ലാത്ത ആദിവാസി മേഖല ഉള്‍പ്പെടെയുള്ള വിദൂര ഗ്രാമങ്ങളില്‍ ബി.എസ്. എന്‍. എല്‍. പുതിയ ടവറുകള്‍ സ്ഥാപിക്കുന്നതിന് അനുമതിയായതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. 2020 മുതല്‍ യു. എസ്. ഒ. ഫണ്ടിന് വേണ്ടി ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ട് വരികയായിരുന്നു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ 100 സ്ഥലങ്ങളില്‍ സാങ്കേതിക സര്‍വ്വേ നടത്തിയാണ് ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തുന്നത്.

ജില്ലാ വികസന കമ്മീഷണറുടെ മേല്‍നോട്ടത്തിലും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയുമാണ് ബി.എസ്.എന്‍.എല്‍. സാങ്കേതിക വിഭാഗം സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പൂര്‍ണമായും സൗജന്യമായി സ്ഥലം ലഭ്യമാക്കുവാന്‍ കഴിയുന്നിടത്താണ് ടവറുകള്‍ സ്ഥാപിക്കുക. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ഓഗസ്റ്റ് 31 ന് മുന്‍പായി സര്‍വേ പൂര്‍ത്തിയാക്കി ഡി.പി.ആര്‍ സമര്‍പ്പിക്കും. തുടര്‍ന്നുവരുന്ന അഞ്ഞൂറ് (500) ദിവസങ്ങള്‍ക്കുള്ളില്‍ ടവറുകള്‍ സ്ഥാപിച്ച് കണക്റ്റിവിറ്റി ലഭ്യമാക്കണമെന്നാണ് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം.

കൂടാതെ മൈക്രോ ടവറുകള്‍, നിലവിലുള്ളവയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, കൂടുതല്‍ ഫൈബര്‍ ടു ഹോം സര്‍വീസുകള്‍, വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും ബി.എസ്.എന്‍.എല്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈദ്യുതീകരണം നടത്താത്ത ഗ്രാമങ്ങളില്‍ സോളാര്‍ ഊര്‍ജ്ജ സംവിധാനവും സ്ഥാപിക്കും. കേടായ ബാറ്ററി സംവിധാനങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. 16ന് നടന്ന എറണാകുളം സര്‍വീസ് ഏരിയ ടെലികോം അഡൈ്വസറി കമ്മിറ്റി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായി എം പി അറിയിച്ചു. പ്രളയവും തുടര്‍ന്ന് കോവിഡും വ്യാപകമായ സാഹചര്യത്തില്‍ പഠനവും ജനങ്ങളുടെ ദൈനംദിന ഇടപാടുകളും ഓണ്‍ലൈനായപ്പോള്‍ മുതല്‍ മുഖ്യസേവനദാതാക്കളായ ബി. എസ്. എന്‍. എലിന്റെ പോരായ്മകള്‍ ജില്ലയിലെ പല സ്ഥലങ്ങളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഫണ്ടിന്റെ അപര്യാപ്തത തടസ്സങ്ങള്‍ സൃഷ്ടിച്ചു. യു.എസ്.ഒ ഫണ്ട് പുന:സ്ഥാപിക്കുവാനും വിദൂര ആദിവാസി പിന്നോക്ക ഗ്രാമങ്ങളെ ടെലികോം ശ്രംഖലയുടെ ഭാഗമാക്കി എല്ലാവര്‍ക്കും സേവനം ലഭ്യമാക്കുന്നതിനും ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിന് നല്‍കുന്ന പുതിയ ടവറുകള്‍ക്കും , നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും എം.പി പറഞ്ഞു. എറണാകുളം ബി. എസ്. എന്‍. എല്‍. ഭവനില്‍ നടന്ന ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റിയില്‍ എം. പി യോടൊപ്പം ടെലികോം അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിംകുട്ടി കല്ലാര്‍, ജോണ്‍ നെടിയപാല, ഷാജി പൈനാടത്ത്, എബി എബ്രഹാം, ബിജോ മാണി എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!