Thodupuzha

ഭിക്ഷാടകരെ നീക്കാന്‍ നടത്തിയ ക്ലീന്‍ തൊടുപുഴ ഡ്രൈവ്‌ വിജയം; യാചകരില്ലാതെ തൊടുപുഴ നഗരം

തൊടുപുഴ: നഗരത്തിലെ ഭിക്ഷാടക മാഫിയയെ നിയന്ത്രിക്കാന്‍ പോലീസും സാമൂഹ്യ ക്ഷേമ വകുപ്പും നടത്തിയ നടപടികള്‍ ഫലം കണ്ടെന്ന്‌ വിലയിരുത്തല്‍.ഏതാനും ദിവസം മുമ്ബ്‌ ഡിവൈ.എസ്‌.പിയുടെ സ്‌ക്വാഡും സാമൂഹ്യക്ഷേമ വകുപ്പ്‌ ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ നഗരത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഭിക്ഷാടകരെ കണ്ടെത്തി അഗതി മന്ദിരങ്ങളിലേക്ക്‌ നീക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സ്‌പെഷല്‍ ഡ്രൈവ്‌ നടത്തിയത്‌.
എന്നാല്‍, വന്‍തോതില്‍ ഭിക്ഷാടകര്‍ തമ്പടിക്കുന്ന നഗരത്തില്‍ നിന്നും നാലു പേരെ മാത്രമാണ്‌ കണ്ടെത്താനായത്‌. ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയെങ്കിലും അന്തര്‍ സംസ്‌ഥാന ഭിക്ഷാടന മാഫിയ നഗരത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നായിരുന്നു പോലീസിനു ലഭിച്ച സൂചന. അന്നു പിടിയിലായ ഭിക്ഷാടകരില്‍നിന്നും സ്‌മാര്‍ട്ട്‌ ഫോണുകളും പാന്‍കാര്‍ഡ്‌ ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തിയിരുന്നു. ഇതോടെയാണ്‌ വലിയ സംഘങ്ങള്‍ ഇവര്‍ക്കു പിന്നിലുണ്ടെന്ന സംശയം ഉയര്‍ന്നത്‌. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ പോലീസ്‌ നിരീക്ഷണം ശക്‌തിപ്പെടുത്തിയിരുന്നു.
ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവവും വിഷുവും റംസാനും പ്രമാണിച്ച്‌ ഭിക്ഷാടകര്‍ നഗര മേഖലകളില്‍ തമ്പടിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പോലീസും സാമൂഹ്യ ക്ഷേമ വകുപ്പും നിരീക്ഷണം നടത്തിയത്‌.
എന്നാല്‍ നഗരത്തില്‍ ഭിക്ഷാടകരുടെ സാന്നിധ്യം ഈ ദിവസങ്ങളില്‍ കണ്ടെത്താനായില്ലെന്ന്‌ തൊടുപുഴ ഡിവൈഎസ്‌പി എം.ആര്‍.മധുബാബു പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഈ സമയങ്ങളില്‍ ഭിക്ഷക്കാരുടെ സാന്നിധ്യം കാല്‍നടക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ അലോസരം സൃഷ്‌ടിച്ചിരുന്നു. ഇത്‌ കണക്കിലെടുത്ത്‌ ഉത്സവ സമയത്ത്‌ നഗരത്തിലിറങ്ങുന്ന യാചകരെ വാഹനത്തില്‍ കയറ്റി കൊണ്ട്‌ പോയി പ്രത്യാശ ഭവനത്തിലെത്തിക്കാന്‍ തൊടുപുഴ ഡിവൈഎസ്‌പി സ്‌ക്വാഡും സാമൂഹ്യ ക്ഷേമ വകുപ്പും രഹസ്യമായി പദ്ധതി ആസൂത്രണം ചെയ്‌തിരുന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ 12ന്‌ ഭിക്ഷാടകരെ നീക്കാന്‍ നടത്തിയ ക്ലീന്‍ തൊടുപുഴ ഡ്രൈവ്‌ മൂലം ഭിക്ഷാടക മാഫിയ ഇവിടെ നിന്നും പിന്‍വലിയുകയായിരുന്നുവെന്നാണ്‌ വിലയിരുത്തല്‍.
ആന്ധ്രാ സ്വദേശിയാണ്‌ ഭിക്ഷാടകരെ വാഹനത്തില്‍ തൊടുപുഴ മേഖലയില്‍ എത്തിച്ചിരുന്നതെന്ന വിവരവും പോലീസിനു ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും സ്‌പെഷല്‍ ഡ്രൈവിനു ശേഷം ഇയാള്‍ നഗരത്തിലെത്തിയിട്ടില്ലെന്നാണ്‌ ലഭിക്കുന്ന വിവരം. എങ്കിലും നഗരത്തില്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും തലവേദനയായിരുന്ന ഭിക്ഷാടക മാഫിയ വീണ്ടും പിടിമുറുക്കാതിരിക്കാന്‍ നിരീക്ഷണം തുടരുമെന്ന്‌ പോലീസ്‌ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!