ChuttuvattomThodupuzha

ബസ് സ്റ്റാന്‍ഡ് അതിക്രമം: കര്‍ശന നടപടി സ്വീകരിക്കും

തൊടുപുഴ: നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ അതിക്രമങ്ങളും സാമൂഹ്യവിരുദ്ധ ശല്യവും തടയുന്നതിനായി നഗരസഭാ ചെയര്‍മാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഏതാനും നാളുകളായി തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സമയത്തെച്ചൊല്ലിയും മറ്റും അതിക്രമങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യോഗം വിളിച്ചുചേര്‍ത്തത്. ബസ് സ്റ്റാന്‍ഡിന്റെ എല്ലാ ഭാഗത്തും ക്യാമറകള്‍ സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മറ്റു ബസുകളുടെ സമയം അധികമായി എടുക്കുകയും മറ്റു ബസ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്ന ബസിന്റെയും ജീവനക്കാരുടെയും വിവരങ്ങള്‍ ആര്‍ടിഒക്ക് കൈമാറും. ഇക്കാര്യത്തില്‍ പോലീസിന്റെ ഇടപെടലും ഉണ്ടാകും. സ്റ്റാന്‍ഡില്‍ അനധികൃതമായി പണം പലിശക്ക് നല്‍കുന്നവരെയും ലഹരി ഉള്‍പ്പെടെയുള്ളവ വില്‍പന നടത്തുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച് പോലീസിനും എക്‌സൈസിനും കൈമാറും.

നഗരത്തിലെ ഗതാഗതക്കുരുക്ക് ബസുകളുടെ സമയക്രമത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതായി ബസുടമകള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായി ജൂണ്‍ നാലിനുശേഷം ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സ്റ്റാന്‍ഡില്‍ പോലീസിന്റെയും എക്‌സൈസിന്റെയും സംയുക്ത പരിശോധനകളും നടക്കും. യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രഫ. ജെസി ആന്റണി, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. തോമസ്, യൂണിയന്‍ നേതാക്കളായ ടി.ആര്‍. സോമന്‍, കെ.എം. സിജു, ജയന്‍, കൗണ്‍സലര്‍മാരായ മുഹമ്മദ് അഫ്‌സല്‍, ബിന്ദു പത്മകുമാര്‍, എംവിഐ പി.ജി. കിഷോര്‍, എസ്‌ഐ വി.എ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!