ChuttuvattomThodupuzha

ക്രിസ്മസില്‍ താരമായി കേക്കുകള്‍

തൊടുപുഴ: കേക്കുകളുടെ മധുരമില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം. കൊവിഡ് പൂര്‍ണമായും ഒഴിഞ്ഞശേഷമെത്തിയ ആദ്യ ക്രിസ്മസിന് മധുരം പകരാന്‍ ബേക്കറികളെല്ലാം കേക്കുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുന്തിരിയും അണ്ടിപ്പരിപ്പും നിറഞ്ഞ പ്ലം കേക്കുകളാണ് ക്രിസ്മസ് വിപണിയിലെ എക്കാലത്തെയും താരം. കൂടുതല്‍ വ്യത്യസ്ത രുചികളില്‍, ഫ്‌ളേവറുകളില്‍ പ്ലം കേക്കുകള്‍ ഓരോ ബേക്കറികളിലും ലഭ്യമാണ്. ശരാശരി 150 രൂപ മുതലുള്ള സാധാരണ പ്ലം കേക്കുകള്‍ മുതല്‍ 900 രൂപയുടെ ഇംഗ്ലീഷ് പ്ലം വരെ വിപണിയിലുണ്ട്. ക്രിസ്മസ് സമ്മാനമായി കൊടുക്കാനായി കൂടുതല്‍ പേരും വാങ്ങുന്നത് റിച്ച് പ്ലം കേക്കാണ്. കാരറ്റ് കേക്കും ബേക്കറികളില്‍ കൂടുതലായി ഇടം പിടിച്ചിട്ടുണ്ട്. വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി ഫ്രഷ് ക്രീം കേക്കുകള്‍ക്ക് 600 രൂപ മുതലാണ് വില. 400 രൂപയില്‍ തുടങ്ങുന്ന ഐസിങ് കേക്കുകളും സുലഭമാണ്. ചില കടകളില്‍ പ്രമേഹരോഗികള്‍ക്കായി ‘ഷുഗര്‍ ഫ്രീ’ കേക്കുകളുമുണ്ട്. അടുത്ത ദിവസങ്ങളില്‍ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ബേക്കറി ഉടമകള്‍. വീടുകളില്‍ ഓര്‍ഡര്‍ അനുസരിച്ച് കേക്കുകളുണ്ടാക്കി നല്‍കുന്നവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ക്രിസ്മസ് അടുത്തതോടെ കേക്കുകള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. ആഫീസുകളിലും കോളജുകളിലും സ്‌കൂളുകളിലും നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ കേക്കിന് ആവശ്യക്കാരേറെയാണ്. കൊവിഡിന് ശേഷം വീടുകളില്‍ കേക്കുകള്‍ തയ്യാറാക്കി വില്‍ക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!