Idukki

അഗതി മന്ദിരങ്ങളിലെ അന്തേവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ നീതി നിഷേധം : കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ കോതമംഗലം രൂപത.

കോതമംഗലം: അഗതികള്‍ക്കുള്ള റേഷനും ക്ഷേമപെന്‍ഷനും നിര്‍ത്തലാക്കിക്കൊണ്ട് അഗതി മന്ദിരത്തിലെ അന്തേവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ നീതിനിഷേധം ആണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ കോതമംഗലം രൂപത.സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ ബാലഭവനകള്‍, വൃദ്ധസദനുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള താമസ കേന്ദ്രങ്ങള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള 1800 ഓളം സ്ഥാപനങ്ങളില്‍ താമസിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന നിരാലംബരെ പൂര്‍ണ്ണമായും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വെല്‍ഫയര്‍ സ്‌കീമില്‍ കേന്ദ്ര വിഹിതം ലഭിക്കില്ല എന്ന് കാരണത്താല്‍ ആണ് അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും ഉപേക്ഷിച്ചവരും അനാഥരും രോഗികളും വൃദ്ധരുമായ ഇവര്‍ക്കുമേല്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന് വരുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനവും ആണ്. റേഷനും പെന്‍ഷനും നിര്‍ത്തലാക്കിയ നടപടികള്‍ പിന്‍വലിക്കുന്നതിനും അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. അഗതിമന്ദിരങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാത്തപക്ഷം ഇടവക തലം മുതല്‍ കടുത്ത പ്രതിഷേധ പരിപാടികളുമായി കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ മുന്നോട്ടു പോകുമെന്ന് സമിതി വ്യക്തമാക്കി. കൗണ്‍സില്‍ കണ്‍വീനര്‍ ഷൈജു ഇഞ്ചക്കല്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ.തോമസ് ചെറുപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കോഡിനേറ്റര്‍ സിറില്‍ അത്തിക്കല്‍ വിഷയാവതരണം നടത്തി. കോര്‍ഡിനേറ്റര്‍മാരായ അബി കാഞ്ഞിരപ്പാറ,അരുണ്‍ ജോസഫ്, ഷിനോ ജില്‍സണ്‍, ജോര്‍ജ് വെട്ടിക്കുഴ, പോള്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!