ChuttuvattomThodupuzha

ക്ഷേത്ര കിണറ്റില്‍ പൂച്ചയുടെ ജഡം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

തൊടുപുഴ: പട്ടയംകവല ഗണപതിയാനിക്കല്‍ ക്ഷേത്രത്തിലെ കിണറ്റില്‍ പൂച്ചയുടെ ജഡം കണ്ടെത്തി. ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന കിണറിലെ ജലം മലിനപ്പെടുത്തിയെന്ന് കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഗ്രൂപ്പ് ഓഫീസര്‍ രേഖാ മൂലം പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരി പൈപ്പ് തുറന്ന് വെള്ളം എടുത്തപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതോടെയാണ് കിണറ്റില്‍ പരിശോധന നടത്തിയത്. അപ്പോഴാണ് കിണറ്റില്‍ ഒരു ജീവിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വിവരം ക്ഷേത്രം ഭാരവാഹികളെയും വിശ്വാസികളെയും അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. പ്ലാസ്റ്റിക് നെറ്റിട്ട് മൂടിയിരിക്കുന്ന കിണറ്റില്‍ എങ്ങനെയാണ് ജീവിയുടെ ജഡം വന്നതെന്ന് സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് ജഡം പുറത്തെടുത്തത്. അപ്പോഴാണ് ജഡം പൂച്ചയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലായിരുന്നെന്നും അഗ്നിരക്ഷാസേന അറിയിച്ചു.  കിണറ്റില്‍ നിന്ന് പുറത്തെടുത്ത ജഡം വെറ്റിനറി വിഭാഗം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി തിരുവല്ലയിലേക്ക് കൊണ്ടുപോയി. പൂച്ച ചത്തത് എങ്ങനെയാണെന്നും, ചത്ത ശേഷം കിണറ്റില്‍ ഇട്ടതാണോയെന്നും കൂടതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!