KeralaThodupuzha

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദം ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തിങ്കളാഴ്ച രാവിലെയോടെ വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും എത്തിച്ചേരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോടു ചേര്‍ന്ന തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Back to top button
error: Content is protected !!