ChuttuvattomThodupuzha

ഉദ്ഘാടനത്തിനൊരുങ്ങി ചപ്പാത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്

ഉപ്പുതറ : ചപ്പാത്ത് നഗരത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് ആന്റ് ഓഡിറ്റോറിയം ഉടന്‍ പൂര്‍ത്തിയാകും. 2013ല്‍ 80 ലക്ഷം രൂപ ചിലവ് പ്രതീക്ഷിച്ച് തുടങ്ങിയ നിര്‍മ്മാണം മൂന്നാമത്തെ ഭരണ സമിതിയാണ് പൂര്‍ത്തിയാക്കുന്നത്. എസ്റ്റിമേറ്റിലെ പിഴവും, നിര്‍മ്മാണ പ്രവൃത്തികളില്‍ ഉണ്ടായ വീഴ്ചയും മൂലം 1.4 കോടി രൂപയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇതിനോടകം ചിലവഴിച്ചത്. ഉപ്പുതറ പഞ്ചായത്ത് പരിധിയില്‍ കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയോടു ചേര്‍ന്ന് ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് ഷോപ്പിംഗ് കോംപ്ലക്‌സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിനിടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രമാക്കാനുള്ള (എബിസി കേന്ദ്രം ) തീരുമാനവും വലിയ തര്‍ക്കത്തിനു കാരണമായിരുന്നു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടേയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് എബിസി കേന്ദ്രമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. തുടര്‍ന്ന് ഉപ്പുതറ പഞ്ചായത്ത് ഭൂമി ജില്ലാ പഞ്ചായത്തിന് കൈമാറി ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കവും പരിഹരിച്ചു. തുടര്‍ന്ന് അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 20 ലക്ഷം രൂപ കൂടി അനുവദിക്കുകയായിരുന്നു. മാര്‍ച്ച് 30ന് മുമ്പ് ഷോപ്പിംഗ് കോംപ്ലക്‌സ് തുറന്നു കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കൂടിയായ വൈസ് പ്രസിഡന്റ് ആശാ ആന്റണി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!