Keralapolitics

മുഖ്യമന്ത്രീ, നിങ്ങള്‍ മഹാരാജാവല്ല, കേരളാ മുഖ്യമന്ത്രിയെന്ന് സതീശന്‍ ; സഭയില്‍ വാക്ക്‌പോര്

തിരുവനന്തപുരം : നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് എസ്എഫ്‌ഐയെ കുറിച്ച് സിപിഎമ്മിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആള്‍ക്കാര്‍ കെഎസ്യുക്കാര്‍ക്ക് ഒപ്പം എത്തിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിലാണ് വി.ഡി സതീശന്റെ മറുപടി.
‘സിദ്ധാര്‍ത്ഥന്റെ മരണമുണ്ടായപ്പോള്‍ ഇത്തരത്തില്‍ ഒരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നാണ് കേരള മനസ്സാക്ഷി വിചാരിച്ചത്. എന്നാല്‍ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയില്‍ കൊണ്ടുപോയി വിചാരണ നടത്തി. ആശുപത്രിയില്‍ കൊണ്ടുപോകാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് എസ്എഫ്‌ഐക്ക് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നല്‍കുന്നത് ജനം വിലയിരുത്തട്ടേയെന്നും സതീശന്‍ തുറന്നടിച്ചു.

ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്യു ധര്‍ണയിരുന്നത്. ശ്രീകാര്യം സ്റ്റേഷനില്‍ എന്തിനാണ് എസ്എഫ്‌ഐക്കാര്‍ വന്നത്. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുകയുളളൂ. കൊയിലാണ്ടി കോളേജില്‍ പ്രിന്‍സിപ്പലിനെ വരെ എസ്എഫ്‌ഐ ആക്രമിച്ചു. പ്രിന്‍സിപ്പാളിന്റെ രണ്ട് കാലും കൊത്തിയെടുക്കുമെന്നാണ് എസ്എഫ്‌ഐയുടെ ഏരിയ സെക്രട്ടറി പറഞ്ഞത്. ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ ചോദ്യത്തോട് ഭരണപക്ഷം സഭയില്‍ ബഹളം ഉണ്ടാക്കി. ഇതോടെ പ്രതിപക്ഷ നേതാവ് വീണ്ടും ക്ഷുഭിതനായി. പ്രതിപക്ഷാംഗങ്ങളും സീറ്റില്‍ നിന്നു എഴുന്നേറ്റു. 29 വര്‍ഷം സിപിഎമ്മിന്റെ അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിച്ച ആളാണ് എസ്എഫ്‌ഐയുടെ അതിക്രമമൂലം ബിജെപിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാര്‍ഥിയെന്നും സതീശന്‍ പറഞ്ഞു. ബഹളമായതോടെ സ്പീക്കര്‍ ഇടപെട്ടു. ഇതോടെ മുഴുവന്‍ പറഞ്ഞിട്ടെ പോകുവെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ എന്നാണ് ‘ജനയുഗം’ എസ്എഫ്‌ഐക്കാരെ വിശേഷിപ്പിച്ചത്.

ഗാന്ധിയുടെ ചിത്രത്തില്‍ മാലയിടാന്‍ ആണോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ കയറിയത്. സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. നിങ്ങള്‍ എന്തിനാണ് ഏഷ്യാനെറ്റിന്റെ ഓഫീസ് അടിച്ച് തകര്‍ത്തത്? കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു. സ്ഥാനത്തിന് ചേരാത്ത പ്രസംഗമാണ് മുഖ്യമന്ത്രി സഭയില്‍ നടത്തിയതെന്ന് സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി നിങ്ങള്‍ മഹാരാജാവല്ല. നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും മറക്കരുതെന്നും സതീശന്‍ തുറന്നടിച്ചു. ഇതോടെ മറുപടി നല്‍കിയ പിണറായി വിജയന്‍, ഞാന്‍ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങള്‍ക്കൊപ്പമാണ് ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നും മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങള്‍ ഓര്‍മപ്പെടുത്തുന്നുവെന്നായിരുന്നു വിഡി സതീശന്‍ നല്‍കിയ മറുപടി.

ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വാക്കേറ്റമായി. ഇരുപക്ഷവും സഭയുടെ നടുത്തളത്തിന് അരികിലേക്കിറങ്ങി. സഭയില്‍ നിന്നും ഇറങ്ങി പോകുമെന്ന് പ്രതിപക്ഷ നേതാവ് പറയാതിരുന്നതോടെ വാക്കോവര്‍ നടത്തുകയാണോ എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കര്‍ ആവര്‍ത്തിച്ച് ചോദിച്ചു.എന്നാല്‍ വി ഡി സതീശന്‍ മറുപടി നല്‍കിയില്ല. ഇതോടെ പ്രതിപക്ഷ നേതാവ് ചെയറിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംബി രാജേഷ് മറുപടി നല്‍കി. ചെയറിന് നേരെ ആക്ഷേപസ്വരങ്ങള്‍ ചൊരിയുന്നത് ശരിയല്ലെന്ന് സ്പീക്കറും മറുപടി നല്‍കി. ഇത് എല്ലാവര്‍ക്കും ബാധകമാണ്. ചെയറിനു നേരെയുളള ആക്ഷേപം ജനാധിപത്യ സമൂഹത്തിന് ചേരുന്നതല്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. പരാതികള്‍ ഉണ്ടെങ്കില്‍ ചേമ്പറില്‍ വന്നു പറയണമെന്നും സ്പീക്കര്‍ നിിര്‍ദ്ദേശിച്ചു. ഇതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധമായി. പിന്നാലെ നടപടികള്‍ വേഗത്തില്‍ ആക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!