ChuttuvattomCrimeThodupuzha

പിഞ്ച് കുട്ടികള്‍ ലെയ്‌സിന്റെ കവര്‍ കടയുടെ മുന്നിലിട്ടു; മക്കളുടെ മുന്നിലിട്ട് പിതാവിന് ക്രൂര മര്‍ദ്ദനം: പ്രതി പിടിയില്‍

തൊടുപുഴ: കടയുടെ മുന്നിലെ റോഡില്‍ പിഞ്ച് കുട്ടികള്‍ ലെയ്‌സിന്റെ കവര്‍ ഇട്ടതിന് മക്കളുടെ മുന്നിലിട്ട് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.  പുറപ്പുഴ ടൗണിലെ ദീപം ഡെക്കറേഷന്‍ ഉടമ മുഖയപ്പള്ളില്‍ അനില്‍കുമാറിനെ (50) കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ മര്‍ദനമേറ്റയാളും മക്കളും കാറിലാണ് പുറപ്പുഴ ടൗണിലെത്തിയത്. റോഡരികില്‍ അനില്‍കുമാറിന്റെ കടയുടെ സമീപത്ത് നിര്‍ത്തിയ കാറില്‍ ആറും നാലും വയസുള്ള മക്കളെയിരുത്തി പിതാവ് മാത്രം മറ്റൊരു കടയിലേക്ക് പോയി. ഈ സമയം ഇളയ കുട്ടി ലെയ്‌സ് പാക്ക്റ്റ് പൊട്ടിച്ച്  കാലിയായ കവര്‍ റോഡിലേക്കിട്ടു. ഇത് അനില്‍കുമാറിന്റെ കടയുടെ മുന്നിലാണ് വീണത്. തിരിച്ചെത്തിയ രക്ഷിതാവിനോട് ലെയ്‌സ് കവറെടുത്ത് നീക്കാനാവശ്യപ്പെട്ട് അനില്‍കുമാര്‍ അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും കല്ലിന് ഇടിക്കുകയുമായിരുന്നുവെന്നാണ് പരാതി. അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ കാര്യമറിയാതെ പകച്ച് നിന്ന ഇയാളെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. പിതാവിന് നേരെയുണ്ടായ അക്രമത്തില്‍ ഭയന്ന കുട്ടികളിലൊരാള്‍ ഇതിനിടെ കാറില്‍ നിന്നിറങ്ങി ലെയ്‌സ് കവര്‍ എടുക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ മുഖത്തുള്‍പ്പെടെ പരുക്കേറ്റ രക്ഷിതാവ് മക്കളെയും കൂട്ടി തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവമറിഞ്ഞ് കരിങ്കുന്നം പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമം നടത്തിയ അനില്‍കുമാറിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ കരിങ്കുന്നം സബ് ഇന്‍സ്‌പെക്ടര്‍ ബൈജു.പി.ബാബുവിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. അനില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!