ChuttuvattomThodupuzha

ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം: സ്വാഗതമോതി ടൂറിസം കേന്ദ്രങ്ങള്‍

തൊടുപുഴ: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങി. ഓണം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ കുടുംബസമേതം എത്തുന്ന സമയമാണ് ക്രിസ്മസ്, ന്യൂഇയര്‍ സീസണ്‍. പുതുവത്സരാഘോഷത്തിന് വാഗമണ്‍, മൂന്നാര്‍ പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അഭൂത പൂര്‍വമായ തിരക്കനുഭവപ്പെടാറുണ്ട്. എന്നാല്‍, എല്ലാ പുതുവത്സരക്കാലത്തും സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നു സമ്മാനിച്ചിരുന്ന ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ ഇത്തവണ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാനിടയില്ല. സുരക്ഷാ കാരണങ്ങളാലാണ് അണക്കെട്ടുകള്‍ തുറന്നു കൊടുക്കാനുള്ള തീരുമാനം വൈകുന്നത്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് നവംബര്‍ മാസത്തില്‍തന്നെ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുക പതിവായിരുന്നു. ജനുവരിവരെ സന്ദര്‍ശകര്‍ക്ക് അണക്കെട്ടുകള്‍ വീക്ഷിക്കാനുള്ള അവസരമാണ് വൈദ്യുതി ബോര്‍ഡ് നല്‍കിയിരുന്നത്. സഞ്ചാരികള്‍ക്കായി ജലാശയത്തില്‍ ബോട്ടിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഏതാനും മാസം മുന്പ് ഡാമിലുണ്ടായ സുരക്ഷാവീഴ്ചയുടെ പേരിലാണ് ഇത്തവണ അണക്കെട്ടുകളുടെ കാഴ്ച സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സാധ്യതകള്‍ മങ്ങിയത്. ഡാം കാണാനെത്തിയ വിനോദസഞ്ചാര സംഘത്തിലെ യുവാവ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളുടെ റോപ്പ്വേയില്‍ ദ്രാവകം ഒഴിക്കുകയും ഗേറ്റില്‍ താഴിട്ടു പൂട്ടുകയും ചെയ്തു. അതീവ സുരക്ഷാ മേഖലയിലാണ് ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്നതാണ് ഏറെ വിവാദമായ കാര്യം. സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഡാം സുരക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും വിദേശത്തേയ്ക്ക് കടന്ന ഇയാളെ പിടികൂടാനായില്ല. ഇത്തരത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ പോലീസും വൈദ്യുതി ബോര്‍ഡിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയിരുന്ന ഈ സമയം ഡാം തുറന്നു നല്‍കാനുള്ള തീരുമാനം അനിശ്ചിതത്വത്തിലായത്.

Related Articles

Back to top button
error: Content is protected !!