ChuttuvattomThodupuzha

കെഎസ്ആര്‍ടിസി തൊടുപുഴ ഡിപ്പോയ്ക്ക് ബസുകള്‍ അനുവദിക്കുന്നില്ലെന്നു പരാതി

തൊടുപുഴ : ഇതര ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ തൊടുപുഴ ഡിപ്പോയില്‍നിന്ന് മുന്‍പുണ്ടായിരുന്ന ഓര്‍ഡിനറി സര്‍വീസുകള്‍ പോലും പുനരാരംഭിക്കാനുള്ള ബസുകള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പരാതി. പുതിയ ഡിപ്പോ മന്ദിരം ഉദ്ഘാടനം ചെയ്ത അവസരത്തില്‍ അന്നത്തെ വകുപ്പ് മന്ത്രി നേരത്തേ ഇവിടെ നിന്നുണ്ടായിരുന്ന മുഴുവന്‍ ഓര്‍ഡിനറി സര്‍വീസുകളും പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷം ആകാറായിട്ടും ഡിപ്പോയിലേക്ക് ഒരു ബസ് പോലും അനുവദിച്ചിട്ടില്ലെന്നാണ് പരാതി. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ആദ്യം ശബരിമല സീസണ്‍ കഴിയുമ്പോള്‍ ഏതാനും ഓര്‍ഡിനറി ബസുകള്‍ ഡിപ്പോയിലേക്ക് അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായി പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കത്തും നല്‍കിയിരുന്നു. എന്നാല്‍ ശബരിമല സീസണ്‍ കഴിഞ്ഞിട്ട് ഒരു മാസമാകാറായിട്ടും ഒരു ബസ് പോലും തൊടുപുഴ ഡിപ്പോയില്‍ ലഭിച്ചിട്ടില്ല.

തൊടുപുഴയോട് ;അവഗണന

അതേ സമയം ഇടുക്കി ജില്ലയിലെ കട്ടപ്പന, നെടുങ്കണ്ടം, കുമളി, മൂന്നാര്‍ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് ഒട്ടേറെ ദീര്‍ഘദൂര ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ആരംഭിച്ചെങ്കിലും തൊടുപുഴ ഡിപ്പോയോട് കടുത്ത അവഗണനയാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.തൊടുപുഴ ഡിപ്പോയില്‍ നിന്ന് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി സര്‍വീസ് നടത്താന്‍ സാധിക്കുമെങ്കിലും കെഎസ്ആര്‍ടിസി അധികൃതരുടെ അവഗണന മൂലം ഇതൊന്നും നടത്താന്‍ സാധിക്കുന്നില്ല. ഗ്രാമീണ മേഖലകളില്‍ ആവശ്യത്തിനു ബസുകള്‍ ഇല്ലാതെ യാത്രക്കാരും വിദ്യാര്‍ത്ഥികളും ഏറെ വലയുന്നു. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന നിലപാടിലാണ് അധികാരികള്‍.

ലാഭം വേണ്ടാത്ത കെഎസ്ആര്‍ടിസി

നേരത്തേ തൊടുപുഴ ഡിപ്പോയില്‍ നിന്ന് ലാഭകരമായി സര്‍വീസ് നടത്തിയിരുന്ന കട്ടപ്പന, ആനക്കയം-തൊടുപുഴ-പുറപ്പുഴ വഴി ആലപ്പുഴ, ആനക്കയം ഷട്ടില്‍, മുള്ളരിങ്ങാട് വെള്ളക്കയം സര്‍വീസ്, ആലുവ എരുമേലി, മണക്കാട് വഴി ചോറ്റാനിക്കര തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഇത് സംബന്ധിച്ച് നവകേരള സദസ്സിലും പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ ആവശ്യത്തിനു ബസ് അനുവദിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. അതേ സമയം അഞ്ച് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാര്‍ തൊടുപുഴ ഡിപ്പോയില്‍ അധികമായുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!