ChuttuvattomIdukkiThodupuzha

കോണ്‍ഗ്രസ് ഹര്‍ത്താല്‍; തീർത്ഥാടകര്‍ക്ക് നേരെ കൈയ്യേറ്റം

തൊടുപുഴ: വിവിധ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളളിയാഴ്ച്ച ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികമായിരുന്നു.  ശബരിമല തീർത്ഥാടനം കഴിഞ്ഞ് വാഹനത്തിൽ മടങ്ങിയ സംഘത്തെ കോൺഗ്രസ് പ്രവർത്തകർ  ഏലപ്പാറയിൽ  കൈയേറ്റം ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവർ പീരുമേട് സ്വദേശി ബിനീഷിനെ (35) പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പീരുമേട് പൊലീസ് കേസെടുത്തിട്ടുണ്ട്. കട്ടപ്പനയിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തുറന്ന കടകൾ ഹർത്താലനുകൂലികൾ ബലമായി അടപ്പിച്ചത് സംഘർഷമുണ്ടാക്കി. ഷട്ടറുകൾ വലിച്ചുതാഴ്ത്തുകയും വ്യാപാരികളെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് പൊലീസ് എത്തിയതോടെയാണ് ഇവർ പിൻവാങ്ങിയത്. ഇടുക്കിക്കവലയിൽ രാവിലെ തുറന്ന ഹോട്ടലും സ്വകാര്യബാങ്കും ബലമായി അടപ്പിച്ച് ജീവനക്കാരെ ഇറക്കിവിട്ടു. ഇതിനിടെ പെട്രോൾ പമ്പ് അടപ്പിക്കാനും ശ്രമമുണ്ടായി. മൂന്നാറിലും തൊടുപുഴയിലും കടകൾ അടയ്പ്പിക്കുന്നതിനെ ചൊല്ലി  വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി.  രാവിലെ മുതൽ  കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വ്യാപകമായി  കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞു.
എങ്കിലും  ഉച്ചയോടെ  കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള  വാഹനങ്ങൾ തടസമില്ലാതെ ഓടി. ഹൈറേഞ്ച് മേഖലയിലേക്കടക്കം കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത് യാത്രാ ദുരിതം കുറച്ചു.

തൊടുപുഴ ഡിപ്പോയിൽ നിന്ന് മുഴുവൻ സർവീസുകളും പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.

സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.  ജില്ലയിലെ പ്രധാന ടൗണുകളിലുള്ള ഭൂരിഭാഗം കകേമ്പാളങ്ങളും അടഞ്ഞു കിടന്നു. എന്നാൽ ഉൾപ്രദേശങ്ങളിലെ കടകൾ തുറന്നു. പെട്രോൾ പമ്പുകളും ഭക്ഷണശാലകളും അടഞ്ഞുകിടന്നത് ശബരിമല തീർത്ഥാടകരടക്കമുള്ള വാഹനയാത്രികരെ വലച്ചു.   കുമളി, പീരുമേട്, രാജാക്കാട്, അടിമാലി, കുമളി, രാജകുമാരി, സേനാപതി, നെടുങ്കണ്ടം മേഖലകളിലും ഹർത്താൽ പൂർണ്ണമായിരുന്നു. കളക്ട്രേറ്റിലടക്കം സർക്കാർ ഓഫീസുകൾ പലതും തുറന്നു പ്രവർത്തിച്ചെങ്കിലും ഹാജർനില കുറവായിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ചിലത് തുറന്നു പ്രവർത്തിച്ചു. പല സ്‌കൂളുകളിലും കോളേജുകളിലും ഓൺലൈനായി ക്ലാസ് നടത്തി. പ്രധാന ടൗണുകളിൽ ഹർത്താലിനോടനുബന്ധിച്ചു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾ അതിർത്തിവരെ മാത്രമാണ് സർവീസ് നടത്തിയത്. ടൂറിസം മേഖലയെയും ഹർത്താൽ കാര്യമായി ബാധിച്ചു.  തോട്ടമേഖലയിലും ഹർത്താൽ ഭാഗികമായ പ്രതികരണമാണ് ഉണ്ടാക്കിയത്.

Related Articles

Back to top button
error: Content is protected !!