ChuttuvattomThodupuzha

ശാന്തമ്പാറയിലെ സി.പി.എം ഓഫീസ് നിര്‍മ്മാണം രാത്രിയിലും തുടര്‍ന്നത് കോടതിയലക്ഷ്യമല്ല: സി.വി. വര്‍ഗീസ്

തൊടുപുഴ: ശാന്തമ്പാറയിലെ സി.പി.എം ഓഫീസ് നിര്‍മ്മാണം രാത്രിയിലും തുടര്‍ന്നത് കോടതിയലക്ഷ്യമല്ലെന്ന് തെളിയിക്കുമെന്നും കേസെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഉടന്‍ വിശദീകരണം നല്‍കും. ഇക്കാര്യത്തില്‍ യാതൊരു ഉത്കണ്ഠയുമില്ല. ഓഫീസ് നിര്‍മ്മാണം രാത്രിയില്‍ നടത്തിയത് പ്രത്യേക സാഹചര്യത്തിലാണ്. ജില്ലാ കളക്ടറുടെ കത്ത് ബുധനാഴ്ച രാവിലെ ലഭിച്ചതോടെ ഓഫീസ് നിര്‍മാണം നിറുത്തിവെച്ചിട്ടുണ്ട്. കോടതി ഉത്തരവിനെ നിയമ സാധ്യതകള്‍ പരിശോധിച്ച് നേരിടും. ലാന്‍ഡ് അസൈന്‍മെന്റ് പട്ടയങ്ങളില്‍ നിരോധന ഉത്തരവ് ലഭിച്ചതും എന്‍.ഒ.സി ഇല്ലാത്തതുമായ ആയിരക്കണക്കിന് കെട്ടിടങ്ങളുടെ നിര്‍മ്മാണം ജില്ലയില്‍ പുരോഗമിക്കുന്നുണ്ട്. അതു പോലെ പാര്‍ട്ടി ഓഫീസിനും എന്‍.ഒ.സി ലഭിച്ചിട്ടില്ല. അതെല്ലാം ഭൂമിപതിവ് നിയമ ഭേദഗതി വരുന്നതോടെ സാധൂകരിക്കപ്പെടും.

1996ല്‍ പാര്‍ട്ടിക്ക് കിട്ടിയിട്ടുള്ള പട്ടയ ഭൂമിയിലാണ് ശാന്തമ്പാറ ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തേക്കടി- മൂന്നാര്‍ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് കെട്ടിടം പൊളിച്ചു കൊടുക്കേണ്ടി വന്നത്. സ്വാഭാവികമായും അതിന്റെ നവീകരണം നടത്തിയിട്ടുണ്ട്. അവിടെ കൈയേറ്റമൊന്നും നടന്നിട്ടില്ല. മാത്യു കുഴല്‍നാടന്റെ കൈയേറ്റത്തെയും നിയമലംഘനങ്ങളെയും ന്യായീകരിക്കാനുള്ള ബോധപൂര്‍വമായി നീക്കത്തിന്റെ ഭാഗമാണ് പാര്‍ട്ടി ഓഫീസ് നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം പേരുണ്ട്. അവരുടെ പ്രതിനിധിയാണ് കുഴല്‍നാടന്‍. ഭൂമിപതിവ് നിയമ ഭേദഗതി വരുന്നതോടെ കപട പരിസ്ഥിതിവാദികളുടെ പ്രസക്തിയും ഉദ്യോഗസ്ഥരുടെ കൊള്ളയും അവസാനിക്കും. ഇതോടെ ജില്ലയിലെ ഭൂമി വിവാദങ്ങളെല്ലാം ഘട്ടംഘട്ടമായി അവസാനിക്കും. റവന്യൂ വകുപ്പും സി.പി.എമ്മും തമ്മില്‍ യാതൊരു തര്‍ക്കവുമില്ലെന്നും സി.വി. വര്‍ഗീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!