Thodupuzha

പതിപ്പള്ളി- മേമ്മുട്ടം- ഉളുപ്പൂണി റോഡ് നിര്‍മാണം: പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

മൂലമറ്റം: വനംവകുപ്പ് റേയ്ഞ്ച് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് തടസപ്പെട്ട പതിപ്പള്ളി- മേമ്മുട്ടം- ഉളുപ്പൂണി റോഡിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. 3 മീറ്റര്‍ മാത്രം വീതിയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യന്നതിനാണ് വനം വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ റോഡിന് ഇരുവശത്തും ഐറിഷ് ഒട നിര്‍മിച്ചില്ലെങ്കില്‍ റോഡ് പൊളിഞ്ഞ് പോകുന്നതിന് സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍ കോണ്‍ക്രീറ്റിന്റെ അടിവശത്തെ മണ്ണ് വ്യാപകമായി ഒലിച്ചുപോയിരുന്നു. കോടതി വഴി ഒട്ടേറെ നടപടികള്‍ക്ക് ശേഷമാണ് നിര്‍മാണം തുടങ്ങാനായത്. എന്നാല്‍ ഇപ്പോള്‍ വനം വകുപ്പ് വീണ്ടും തടസമായതോടെ തുടര്‍ നിര്‍മാണ ജോലികള്‍ തടസപ്പെട്ടിരിക്കുകയാണ്. ഐറിഷ് ഓട നിര്‍മിച്ചില്ലെങ്കില്‍ കുത്തി ഒഴുകി എത്തുന്ന മഴ വെള്ളത്തില്‍ റോഡ് പൂര്‍ണമായും തകര്‍ന്നുപോകും. എന്നാല്‍ വനം വകുപ്പ് അധികൃതരുടെ അനാവശ്യ വാശിയെ തുടര്‍ന്ന് റോഡിന്റെ നിര്‍മാണം പൂര്‍ണമായും സ്തംഭിച്ചതായി നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. റോഡ് കടന്ന് പോകുന്ന ഗോത്രവര്‍ഗ കോളനിയിലെ പ്രദേശവാസികളും ഇതേ തുടര്‍ന്ന് ഏറെ ദുരിതത്തിലാണ്. ടെന്‍ഡര്‍ നടന്നെങ്കിലും വനം വകുപ്പിന്റെ തടസത്തെ തുടര്‍ന്നു നിര്‍മാണം ആരംഭിക്കാനായില്ല. ഹൈക്കോടതിയില്‍ കേസ് നടത്തിയാണ് റോഡിന്റെ നിര്‍മാണം ഇപ്പോള്‍ കാര്യമായ തടസങ്ങളില്ലാതെ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 21 ന് റേയ്ഞ്ച് ഓഫീസര്‍ റോഡ് നിര്‍മാണത്തിന് തടസം ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പണി നിര്‍മാണം നിര്‍ത്തി വെച്ചത്. വനം വകുപ്പിന്റെ പരാതിക്കെതിരെ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി അന്വേഷണം നടത്തുകയും ചെയ്തു. പത്ത് വര്‍ഷമായിട്ടുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളടക്കമുള്ള നാട്ടുകാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവുമാണ്. നിലവില്‍ 6.620 കി.മീറ്റര്‍ റോഡ് നവീകരിക്കുന്നതിന് 7 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. മൂന്ന് കിലോമീറ്റര്‍ റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 3.50 മീറ്റര്‍ വീതിയില്‍ മുന്‍പ് ടാര്‍ ചെയ്ത് താണ്. എന്നാല്‍ ഇപ്പോള്‍ വീതി കുറച്ച് 3 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യണമെന്നാണ് റേയ്ഞ്ച് ഓഫീസറുടെ ആവശ്യം. റോഡിന്റെ ഇടിഞ്ഞ് പോയ സംരക്ഷണ ഭിത്തി കെട്ടുന്നതിനും തടസവാദമുന്നയിച്ചിരിക്കുകയാണ് റേഞ്ച് ഓഫീസര്‍. റോഡ് കടന്ന് പോകുന്ന സ്ഥലം വനം വകുപ്പിന്റെ ജണ്ടയ്ക്ക് വെളിയിലുള്ളതും അറക്കുളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 23 ല്‍ പ്പെട്ട സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് യാതൊരു രേഖയും ഇല്ല എന്നും പ്രദേശവാസികള്‍ പറയുന്നു. റോഡിന്റെ അലൈന്‍മെന്റിലും എസ്റ്റിമേറ്റിലും മാറ്റം വരുത്തി അഴിമതി നടത്തുന്നതിന് പൊതുമരാമത്തുവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഹൈക്കോടതി വിധിപ്രകാരം ആദിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അനുവദിച്ച കോടിക്കണക്കിന് രൂപ ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ആദിവാസികള്‍ക്ക് പ്രയോജനം ചെയ്യാത്ത സാഹചര്യമാണ്. ഇതിനെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് കൊടുക്കാനൊരുങ്ങുകയാണ് തദ്ദേശ വാസികള്‍ .

Related Articles

Back to top button
error: Content is protected !!