Kerala

മാസപ്പടി വിവാദം ; മാത്യു കുഴല്‍നാടന്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ അന്വേഷണം നിരസിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷന്‍ ഹര്‍ജിയിലെ ആവശ്യം.ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടില്ല. അതിന് പിന്നിലെ താല്‍പ്പര്യമെന്തെന്ന് അറിയാമെന്ന് കഴിഞ്ഞയാഴ്ച്ച ഹര്‍ജി പരിഗണിക്കവെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

അതേസമയം താന്‍ നല്‍കിയ തെളിവുകള്‍ വിശദമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവെന്നും അത് റദ്ദാക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ വാദമുന്നയിച്ചിരുന്നു. പരാതി വീണ്ടും പുതിയതായി പരിഗണിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, സിഎംആര്‍എല്‍ എക്സാലോജിക് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മെയ് 6നാണ് കോടതി തള്ളിയത്.

 

 

Related Articles

Back to top button
error: Content is protected !!