Thodupuzha

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ പശു ചത്തു; വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥയെന്ന് പരാതി

തൊടുപുഴ: റോഡരികില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ പശു ചത്തു. ലൈന്‍ പൊട്ടി വീണ വിവരം അറിഞ്ഞിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വരുത്തിയ അനാസ്തയാണ് അപകടത്തിന് കാരണമെന്ന് സമീപവാസികളും തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്് പി അജീവും പരാതിപ്പെട്ടു. നിരവധി വീടുകളുള്ള പ്രദേശത്ത് വഴിയാത്രക്കാര്‍ അപകടത്തില്‍പ്പെടാത്തത് തലനാരിഴക്കാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തൊടുപുഴ നഗരസഭ അഞ്ചാം വാര്‍ഡ് കൈതക്കോട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷീജ ബിജോയിയുടെ പശുവിനെയാണ് നഷ്ടമായത്.ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം വിലവരുന്ന അഞ്ച് വയസുള്ള കറവപ്പശുവാണ് ഷോക്കേറ്റ് ചത്തത്. പുല്ല് തിന്നുന്നതിനായി വീടിന് അല്‍പം അകലെയുള്ള സ്ഥലത്ത് കെട്ടിയ പശുവിനെ ഉച്ചക്ക് ഒന്നരയോടെ കറവയ്ക്കായി തിരികെ തൊഴുത്തിലേക്ക് കൊണ്ട് പോകും വഴിയാണ് അപകടമുണ്ടായത്. ഇവരുടെ അയല്‍വാസിയുടെ വീടിന് മുന്‍പിലുള്ള റോഡിലാണ് വൈദ്യുത ലൈന്‍ പൊട്ടിവീണത്. വൈദ്യുത ബന്ധം നിലച്ചിട്ടില്ല എന്ന് മനസിലാക്കിയ വീട്ടുടമസ്ഥന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ലൈന്‍ ഓഫ് ചെയ്യാന്‍ വൈകി. ഇതേ സമയത്ത് പശുക്കളുമായി ഷീജയുടെ പിതാവും അവിടേക്കെത്തി. ഏറ്റവും മുന്‍പിലായി പോയ പശു ലൈന്‍ കമ്പിയില്‍ തട്ടി പിടഞ്ഞ് വീഴുകയായിരുന്നു. മിനിറ്റുകള്‍ക്കകം പശു പിടഞ്ഞ് വീണ് ചത്തു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ധാരാളം ആളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. പശു ഈ വഴി പോവുകയും, വൈദ്യുതാഘാതമേറ്റ് റോഡില്‍ കിടന്നതുമാണ് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പായി മാറിയത്. ഇതുവഴി എത്തിയ ആളുകള്‍ ഇക്കാര്യം ശ്രദ്ധിച്ച് മാറി നിന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

 

Related Articles

Back to top button
error: Content is protected !!