IdukkiLocal Live

ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍: എത്തുമെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍, പരിപാടി നടത്തുമെന്ന് വ്യാപാരികളും

തൊടുപുഴ: സിപിഎം ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ഇന്ന് ജില്ലയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയിലെ തൊടുപുഴയിലെത്തുന്നത്. ഗവര്‍ണര്‍ ഇടുക്കിയിലെത്തുന്നതിലുള്ള പ്രതിഷേധത്തിലാണ് സിപിഎം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഭൂമി – പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് രാജ് ഭവന്‍ മാര്‍ച്ചും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മും എല്‍ഡിഎഫും പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെല്ലുവിളി നേരിടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതോടെ സ്ഥിതിവിശേഷം എന്താകുമെന്ന് കണ്ടറിയണം.

ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ച നിലപാടെത്തിരിക്കുന്നത്. പരമാവധി പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ട്. കാല്‍നടയായി എത്തുന്ന പ്രവര്‍ത്തകരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ അധ്യക്ഷന്‍ സണ്ണി പൈമ്പള്ളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍ക്കെതിരായ നിലപാട് കടുപ്പിക്കുമ്പോഴും ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നാണ് ഇടത് മുന്നണിയുടെ ഉറപ്പ്. അതിനിടെ ഭൂമി പതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. അതിനിടെ ജില്ലിയിലെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ് യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെന്നും വേണ്ടിവന്നാല്‍ പരിപാടിക്ക് സംരക്ഷണം നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!