IdukkiLocal Live

‘ ഹൈ റേഞ്ചില്‍ ‘ ഡീന്‍ ; ഇടുക്കി ഇത്തവണയും യുഡിഎഫിനൊപ്പം

ഇടുക്കി : മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിക്കുന്ന ഇടുക്കിയിലെ മലയോര കര്‍ഷകന്റെ മനസ് വീണ്ടും യു.ഡി.എഫിനൊപ്പം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിന് മിന്നും വിജയമാണ് ഇടുക്കിക്കാര്‍ സമ്മാനിച്ചത്. വോട്ടെണ്ണലില്‍ സമ്പൂര്‍ണ ആധിപത്യം ഡീന്‍ നേടിയപ്പോള്‍, ഒരു ഘട്ടത്തില്‍ പോലും ലീഡ് മറികടക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന് സാധിച്ചില്ല. ഒടുവിലത്തെ കണക്ക് പ്രകാരം 1,33,277 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീന്‍ വിജയിച്ചത്. ഡീന്‍ 4,31,373 വോട്ടും ജോയ്‌സ് 2,98,096 വോട്ടും സംഗീത വിശ്വനാഥന്‍ 91,229 വോട്ടും പിടിച്ചെന്നാണ് അവസാന കണക്ക്. 2019ല്‍ 1,71,053 വോട്ട് എന്ന റെക്കോഡ് ഭൂരിപക്ഷമാണ് ഡീന് ലഭിച്ചത്.

വന്യമൃഗാക്രമണം, പിണറായി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം, ഭൂതര്‍ക്കം, സമുദായം വോട്ട് അടക്കം നിരവധി ഘടകങ്ങള്‍ ഡീന്‍ കുര്യാക്കോസിന്റെ രണ്ടാം വിജയത്തിന് അനുകൂലമായി. വന്യമൃഗാക്രമണങ്ങളാണ് മലയോര മേഖലയെയും മണ്ഡലത്തെയും മൊത്തത്തില്‍ ഉലച്ചിരുന്നു. വന്യമൃഗാക്രമണങ്ങളില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ജനവികാരം മണ്ഡലത്തില്‍ ആകെ ശക്തമായിരുന്നു. വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വനം മന്ത്രിയുടെ പ്രസ്താവനകളില്‍ മാത്രമായി ചുരുങ്ങി. ജലം, വൈദ്യുതി വേലി അടക്കമുള്ള സംവിധാനങ്ങള്‍ വനത്തിനുള്ളില്‍ ഒരുക്കുന്ന കര്‍ണാടക മോഡല്‍ പദ്ധതികളൂടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ സാധിക്കുന്നതാണ്.

എന്നാല്‍, ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണെന്നിരിക്കെ കാട്ടാന ആക്രമണത്തില്‍ നിരവധി ജീവന്‍ പൊലിയുന്നതിലെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. വിഷയം പൊതുജനമദ്യത്തില്‍ നിലനിര്‍ത്താന്‍ ഡീനും യു.ഡി.എഫിനും സാധിച്ചു. നിരവധി പേരുടെ ജീവനെടുത്ത വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ മേല്‍ ചാര്‍ത്തിയായിരുന്നു ഡീന്റെ പ്രചാരണം. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമരകാലത്തും തുടര്‍ന്ന് എം.പിയായപ്പോഴും ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് ജോയ്‌സ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. വന്യമൃഗാക്രമണത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ വികാരങ്ങളെ മറികടക്കാനുള്ള ജോയ്‌സിന്റെ നീക്കങ്ങള്‍ വോട്ടായി മാറിയില്ല.

മൂന്നാം തവണയാണ് ഡീന്‍ കുര്യാക്കോസും ജോയ്‌സ് ജോര്‍ജും ഇടുക്കിയുടെ മലയോര മണ്ണില്‍ പോരടിച്ചത്. ഓരോ ജയം നേടിയ ഇരുവര്‍ക്കും മൂന്നാമങ്കം നിര്‍ണായകമായിരുന്നു. 2014ല്‍ അട്ടിമറി ജയമാണ് ഇടുക്കി മണ്ഡലത്തില്‍ ജോയ്‌സ് നേടിയത്. പഴയ പീരുമേട് മണ്ഡലം 1977ല്‍ ഇടുക്കി മണ്ഡലമായതിന് ശേഷം 1980ല്‍ എം.എം. ലോറന്‍സ് ജയിച്ചത് മാറ്റിനിര്‍ത്തിയാല്‍ 2014ല്‍ ജോയ്‌സ് ജോര്‍ജിലൂടെയാണ് എല്‍.ഡി.എഫ് രണ്ടാം തവണ എല്‍.ഡി.എഫ് സ്വന്തമാക്കിയത്. തോല്‍പിച്ചത് കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിനെ. 2019ല്‍ ഡീന്‍ 1,71,053 വോട്ട് എന്ന റെക്കോഡ് ഭൂരിപക്ഷത്തില്‍ ജോയ്‌സിനെ മലര്‍ത്തിയടിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണയും ഡീന്‍ വിജയം ആവര്‍ത്തിച്ചു.

ക്രിസ്ത്യന്‍ സഭകള്‍ക്ക് മേല്‍ക്കോയ്മയുള്ള മണ്ഡലത്തില്‍ ഏറെ നിര്‍ണായകമായ കത്തോലിക്ക സഭയുടെ പിന്തുണ ഇത്തവണയും ഡീന്‍ ലഭിച്ചിട്ടുണ്ട്. എക്കാലത്തും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമൊപ്പം നിലനിന്ന ഇടുക്കി രൂപതയും കത്തോലിക്ക സഭയും ഇടതുപക്ഷവുമായി ചേര്‍ന്ന് നിന്നപ്പോഴാണ് യു.ഡി.എഫ് കോട്ടയില്‍ വിള്ളല്‍ വീണത്. കഴിഞ്ഞ രണ്ടു തവണയും സ്വതന്ത്ര വേഷത്തിലിറങ്ങിയ ജോയ്‌സിന് ഇക്കുറി സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് തേടിയത്. 2014ല്‍ സഭയുടെ പരസ്യ പിന്തുണ പൂര്‍ണമായി ജോയ്‌സിന് ലഭിച്ചിരുന്നു. കസ്തൂരി രംഗന്‍ ഉയര്‍ത്തിയ വിവാദങ്ങളും പട്ടയ പ്രശ്‌നങ്ങളും ഇടുക്കി ബിഷപ്പും പി.ടി. തോമസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് ഇതിന് വഴിവെച്ചത്. എന്നാല്‍, പാര്‍ട്ടി ചിഹ്നത്തിലെ വോട്ട് ചെയ്യുന്നതില്‍ സഭകള്‍ക്കുള്ള അതൃപ്തിയും ഇത്തവണ വോട്ടില്‍ പ്രതിഫലിച്ചു.

ഇടുക്കിയുടെ രക്ഷകനായി മോദിയെ അവതരിപ്പിച്ചാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ബി.ഡി.ജെ.എസിലെ സംഗീത വിശ്വനാഥന്‍ ഇരുമുന്നണികളെയും നേരിട്ടത്. മോദിയുടെ ഗ്യാരന്റി ഉയര്‍ത്തി കാണിക്കാനാണ് എസ്.എന്‍.ഡി.പിക്കും നിര്‍ണായക സ്വാധീനമുള്ള ഇടുക്കിയില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ശ്രമിച്ചത്. എന്നാല്‍, കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സംഗീത വിശ്വനാഥന് സാധിച്ചില്ല.

 

 

Related Articles

Back to top button
error: Content is protected !!