Thodupuzha

അടിമാലി- കുമളി, മുണ്ടക്കയം -കുമളി ദേശീയപാതകളുടെ വികസനം ഈ വര്‍ഷം : ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ പുരോഗതിയാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. കഴിഞ്ഞ 2 ദിവസങ്ങളായി എന്‍.എച്ച് 185 അടിമാലി- കുമളി, എന്‍.എച്ച് 183 മുണ്ടക്കയം -കുമളി രണ്ട് ദേശീയപാത വികസന പ്രവര്‍ത്തികളെ സംബന്ധിച്ചുള്ള അവലോകനയോഗവും സ്ഥല പരിശോധനയും ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ എ.സി മണ്ഡല്‍, ഡീന്‍ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. അടിമാലി മുതല്‍ കുമളി വരെയും കുമളി മുതല്‍ മുണ്ടക്കയം വരെയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എ.സി മണ്ഡലിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘമാണ് സ്ഥലപരിശോധന പൂര്‍ത്തീകരിച്ചത്. കുമളിയില്‍ സംസ്ഥാന ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ദേശീയപാത ഉദ്യോഗസ്ഥര്‍ എം.പിയുടെ അധ്യക്ഷതയില്‍ പദ്ധതികള്‍ അവലോകനം ചെയ്തു. സ്ഥലമേറ്റടുപ്പ് നടപടികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. അടിമാലി മുതല്‍ കുമളി വരെ 84 കിലോമീറ്റര്‍ വരുന്ന ഏറ്റവും സുപ്രധാനമായ ദേശീയപാതയില്‍ 18 മീറ്റര്‍ വീതിയില്‍ 2 ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ ഉള്‍പ്പെടെ ആണ് പദ്ധതി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രാഥമികമായി ലാന്റ് അക്വിസിഷന്‍ ഉള്‍പ്പെടെ 1000 കോടി രൂപയില്‍ അധികം പ്രോജക്ട് എസ്റ്റിമേറ്റ് കണക്കാക്കുന്ന പദ്ധതികളാണ് ഇവ രണ്ടും. വണ്ടിപ്പെരിയാര്‍ ബൈപ്പാസ് ഉള്‍പ്പെടെ കുമളി- മുണ്ടക്കയം ദേശീയപാതയില്‍ 18 മീറ്റര്‍ വീതിയില്‍ത്തന്നെയാണ് പദ്ധതി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതും 1000 കോടി രൂപ വരുന്ന പദ്ധതി ആയിട്ടാണ് പ്രോജക്ട് സമര്‍പ്പിച്ചിട്ടുള്ളത്. ലാന്റ് അക്വിസിഷന്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ ഫോറസ്റ്റ് റവന്യു ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒരുമിച്ച് നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കേണ്ടതെന്ന് എം.പി വ്യക്തമാക്കി. അവലോകനയോഗത്തില്‍ എ.സി.സി.എഫ് ഉള്‍പ്പെടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ വര്‍ഷം അവസാനത്തോടു കൂടി പദ്ധതികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!