Kerala

സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുന്നു, കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന് വന്‍ ബാധ്യത : സിഎജി റിപ്പോര്‍ട്ട് സഭയില്‍

തിരുവനന്തപുരം: കിഫ്ബിക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഫ്ബി വായ്പ സര്‍ക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ സിഎജി റിപ്പോര്‍ട്ടിലാണ് കിഫ്ബിക്കെതിരെ പരാമര്‍ശമുള്ളത്.കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്ബി കടം തീര്‍ക്കുന്നതിനാല്‍ ഒഴിഞ്ഞു മാറാന്‍ ആകില്ല. പെന്‍ഷന്‍ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ വെള്ളം ചേര്‍ത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വരുമാനം 19.49 ശതമാനം കൂടി. പക്ഷെ റവന്യൂ ചെലവ് കൂടി. റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനം പലിശ അടയ്ക്കാന്‍ വിനിയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഭൂമി പതിച്ചു നല്‍കലില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അനര്‍ഹര്‍ക്ക് ഭൂമി പതിച്ചു നല്‍കി. വിപണി വില ഈടാക്കിയില്ല. പതിച്ചു നല്‍കിയ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വര്‍ദ്ധിപ്പിക്കാത്തത് സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. പാട്ട ഭൂമിയുടെ അനധികൃത വില്‍പ്പന തടയാന്‍ നടപടി എടുത്തില്ല. പാട്ടത്തുക നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയില്ല. തലസ്ഥാനത്തെ രണ്ട് ക്ലബ്ബുകള്‍ക്ക് പാട്ടത്തുക ഒഴിവാക്കിയത് 29 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും സി ആന്റ് എജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!