IdukkiLocal Live

കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു

ഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ച മുമ്പ് എറണാകുളത്ത് ജോലിക്ക് പോയി തിരികെയെത്തിയ ആള്‍ക്കാണ് ഡെങ്കിപ്പനി ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും ഡെങ്കിപ്പനി പടര്‍ന്നു. ഡെങ്കിപ്പനി ബാധിച്ച നാല് പേര്‍ ഇപ്പോള്‍ കഞ്ഞിക്കുഴിപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ചികിത്സയിലുണ്ട്. അന്യ ജില്ലകളില്‍ നിന്നും പനി ബാധിച്ചെത്തുന്നവര്‍ നിരീക്ഷണത്തിലാണ്. മറ്റ് ജില്ലകളില്‍ ഹോം നേഴ്സായും മറ്റും ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പനി പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. പഞ്ചായത്തില്‍ കൊതുകുശല്യം വര്‍ധിക്കുന്നതും പനി പടരുമെന്ന ആശങ്കക്ക് കാരണമായി.

കൊതുകു നിവാരണത്തിനായി ഉറവിട നശീകരണം, ഫോഗിംഗ്, കൊതുകുവല വിതരണം തുടങ്ങിയ പദ്ധതികള്‍ പഞ്ചായത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ആരംഭിച്ചു.11 പേരടങ്ങുന്ന സംഘം വാര്‍ഡുകളില്‍ സേവനം തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍,പഞ്ചായത്ത് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും നടക്കുന്നത്.

പഞ്ചായത്തില്‍ കൊതുക് വര്‍ധിക്കാതിരിക്കുവാനും, കൊതുകിന്റെ കുത്തല്‍ ഏല്‍ക്കാതിരിക്കാനും ആളുകള്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊക്കോ തൊണ്ട്, ജാതിക്കാത്തൊണ്ട്, ചകിരി, ചിരട്ട തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. മൃഗങ്ങള്‍ ഭക്ഷിച്ച ശേഷം ബാക്കി നില്‍ക്കുന്ന കൊക്കോ കായകള്‍ ശേഖരിച്ച് മണ്ണില്‍ കുഴിച്ചുമൂടുകയോ , മഴ നനയാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ ചെയ്യേണ്ടതാണെന്നും ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സരീഷ് ചന്ദ്രന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!