Thodupuzha

ഡെസ്റ്റിനേഷന്‍ ടൂറിസം ആറ് പഞ്ചായത്തുകളില്‍ 6.9 കോടിയുടെ ഏഴ് പദ്ധതികള്‍ക്ക് അനുമതി

തൊടുപുഴ: ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് ആറ് പഞ്ചായത്തുകള്‍. ഈ പഞ്ചായത്തുകളിലെ ഏഴ് വിനോദസഞ്ചാര പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 6.9 കോടിയുടെ ഭരണാനുമതി നല്‍കി.കുമളി ഗ്രാമപഞ്ചായത്തില്‍ രണ്ടും മാങ്കുളം, പെരുവന്താനം, കാന്തല്ലൂര്‍, നെടുങ്കണ്ടം, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ ഒന്നു വീതവും പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഈ ആറ് പഞ്ചായത്തുകളും സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടുകള്‍ക്ക് വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ടൂറിസം സ്‌പോട്ടുകള്‍ രൂപവത്കരിച്ച്‌ ആളുകളെ ആകര്‍ഷിക്കുകയും അതുവഴി പഞ്ചായത്തിന് വരുമാനം നേടിക്കൊടുക്കുകയുമാണ് ലക്ഷ്യം. വിനോദ സഞ്ചാര വകുപ്പ് നല്‍കുന്ന പണം ഒരു രൂപ പോലും തിരികെ നല്‍കേണ്ടതില്ല. അതിനാല്‍ മിക്ക പഞ്ചായത്തുകളും നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിനോദ സഞ്ചാര വകുപ്പ് വിശദമായി പരിശോധിക്കും. പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്തിന് കഴിയുമോ എന്നതാണ് വകുപ്പ് പ്രധാനമായും പരിഗണിക്കുന്ന ഘടകം. ഭാവി അറ്റകുറ്റപ്പണികള്‍ക്കും നടത്തിപ്പിനും ആവശ്യമായ പണം പിരിഞ്ഞുകിട്ടുമെന്ന് ഉറപ്പുള്ള പദ്ധതികള്‍ക്ക് മാത്രമേ അനുമതി ലഭിക്കൂ.

 

പദ്ധതികള്‍ ഇങ്ങനെ

 കുമളി പഞ്ചായത്ത്:ഒന്നരക്കോടിയുടെ ഒട്ടകത്തലമേട്, 97.26 ലക്ഷത്തിന്റെ തേക്കടി ടൂറിസം പാര്‍ക്ക്

 മാങ്കുളം പഞ്ചായത്ത്: പാമ്ബുങ്കയം വെള്ളച്ചാട്ടം പദ്ധതിക്കായി 72 ലക്ഷം

 പെരുവന്താനം പഞ്ചായത്ത്: ഏകയം വെള്ളച്ചാട്ടത്തിന് 1.5 കോടി

 കാന്തല്ലൂര്‍ പഞ്ചായത്ത്: ഇരച്ചില്‍പാറ കച്ചാരം വെള്ളച്ചാട്ടം സൗന്ദര്യവത്കരണ പദ്ധതിക്ക് 70,32,771 രൂപ

 നെടുങ്കണ്ടം പഞ്ചായത്ത്: പാപ്പിനിമേട് വ്യൂ പോയിന്റ് സൗന്ദര്യവത്കരണ പദ്ധതിക്കായി 50 ലക്ഷം

 വെള്ളത്തൂവല്‍ പഞ്ചായത്ത്: ചുനക്കല്‍ വെള്ളച്ചാട്ടം പദ്ധതിക്ക് 96 ലക്ഷം

ലക്ഷ്യം ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രം

വിനോസഞ്ചാര വികസനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന പരിധികളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്കാവശ്യമായ പണം ചെലവിടുന്നത്. പരമാവധി 50 ലക്ഷം എന്ന വ്യവസ്ഥയില്‍ പദ്ധതി ചെലവിന്റെ 60 ശതമാനമാണ് വിനോദസഞ്ചാരവകുപ്പ് അനുവദിക്കുക. 40 ശതമാനം തുക തദ്ദേശസ്ഥാപനം കണ്ടെത്തണം. ഇതിന് പഞ്ചായത്തുകള്‍ക്ക് എം.എല്‍.എ, എം.പി ഫണ്ടുകളെയോ മറ്റ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയോ ആശ്രയിക്കാം. ഒരു കോടി വരെയുള്ള പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വിനോദ സഞ്ചാര വകുപ്പ് നേരിട്ട് അനുമതി നല്‍കും. അതിന് മുകളില്‍ വരുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.

 

 

ഡെസ്റ്റിനേഷന്‍ ടൂറിസം ആറ് പഞ്ചായത്തുകളില്‍ 6.9 കോടിയുടെ ഏഴ് പദ്ധതികള്‍ക്ക് അനുമതി

Related Articles

Back to top button
error: Content is protected !!