IdukkiLocal Live

ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു

ഇടുക്കി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണം അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്യുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഡീന്‍ കുര്യാക്കോസ് എം.പി, എ. രാജ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ട്രൈബല്‍ പ്ലസ് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 200 തൊഴില്‍ ദിനം ഉറപ്പാക്കണം. ആധാര്‍ അപ്‌ഡേഷന്‍ നൂറുശതമാനം പൂര്‍ത്തീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളുടെയും ഒരുക്കങ്ങള്‍ സംബന്ധിച്ച യോഗം ജനുവരി മൂന്നിന് ചേരുമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
തൊടുപുഴ മോര്‍ ജംഗ്ഷന്‍ സമീപം പരിപൂര്‍ണ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി 5 കോടി രൂപയുടെ പ്രെപോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പൊതുമരാമത്തു നിരത്തു വിഭാഗം അറിയിച്ചു. കാലാവസ്ഥ അനുസരിച്ച് ഇടമലക്കുടിയിലെ റോഡ് നിര്‍മാണം, ബി എസ് എന്‍ എല്‍ കണക്ഷന്‍ നല്കല്‍, തുടങ്ങിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മൂന്നാറിലെ പാര്‍ക്കിങ് , വന്യജീവികളുടെ ആക്രമണം, എം.എല്‍.എ ഫണ്ട് നല്‍കി നിര്‍മ്മിച്ചിട്ടുള്ള പദ്ധതികളുടെ പുനരുദ്ധാരണം, ട്രക്കിങ്, പട്ടയം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!